We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
MAR
പ്രിയമുള്ളവരേ,
നാമോരോരുത്തരുടെയും ജീവിതത്തെയും സമൂഹത്തെയും ലോകത്തെയും രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ജീവിതത്തിൽ നാം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും നമ്മുടെ അമ്മയും സഹോദരിയുമുൾപ്പെടുന്ന വനിതകളോട് തന്നെയാണ്. ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകളുടെയും ആഗോള ദിനമാണ് മാർച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം കലണ്ടറിലെ ഒരു തീയതി മാത്രമല്ല; ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള സ്ത്രീകളുടെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കാനും അഭിനന്ദിക്കാനും വർദ്ധിപ്പിക്കാനുമുള്ള ആഹ്വാനമാണിത്. കല മുതൽ ശാസ്ത്രം വരെ, രാഷ്ട്രീയം മുതൽ ബിസിനസ്സ് വരെ, സ്ത്രീകൾ അതിരുകൾ ലംഘിച്ചുകൊണ്ട് മുന്നേറുന്നു.
ലിംഗസമത്വത്തിൻ്റെ അടിയന്തര ആവശ്യകത ഊന്നിപ്പറയുന്ന 'എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ. സമത്വം. ശാക്തീകരണം' എന്നതാണ് 2025-ലെ യു. എൻ. നൽകുന്ന വനിതാ ദിനത്തിന്റെ തീം. വേൾഡ് ഇക്കണോമിക് ഫോറത്തിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, നിലവിലെ വേഗതയിൽ, 2158 വരെ പൂർണ്ണ ലിംഗ സമത്വം കൈവരിക്കാൻ കഴിഞ്ഞേക്കില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ചെയ്യേണ്ട കാര്യങ്ങൾ ഗണ്യമായി വേഗത്തിലാക്കേണ്ടതിൻ്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.
അതിനായി ലോകം സ്ത്രീകൾക്ക് ഉതകുന്ന രീതിയിൽ ആക്കി മാറ്റുക എന്നതിനേക്കാൾ നമ്മുടെ വനിതകളെയും പെൺകുട്ടികളെയും ലോകത്തിന്റെ സാഹചര്യങ്ങൾ നേരിടാൻ തക്കതാക്കുക എന്നതാകണം നമ്മുടെ ലക്‌ഷ്യം. ഇന്നിന്റെ ലോകത്തിനു മുൻപിൽ ചങ്കുറപ്പോടെ തലയുയർത്തി നിൽക്കാനും ഒന്നിന്റെയും മുന്നിൽ പതറാതെയും ധൈര്യത്തിന്റെയും ഊഷ്മളതയുടെയും പര്യായമാകാനും നമ്മുടെ വനിതകൾക്ക് സാധിക്കണം. ഈ വനിതാ ദിനത്തിൽ നാം ഓർമ്മിക്കേണ്ട നിരവധി വ്യക്തിത്വങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ യാത്രിക സുനിത വില്യംസിനെ ഈ ദിനത്തിൽ ആദരവോടെ ഓർക്കേണ്ടതുണ്ട്. ബഹിരാകാശത്ത് മാസങ്ങളോളമായിരിക്കുന്ന അവരുടെ ധൈര്യവും ഭാവാത്മകതയും സ്ത്രീകൾക്കുമാത്രമല്ല പുരുഷന്മ്മാർക്കും പ്രചോദകമാണ്. അവരോടൊപ്പം നാം ആദരിക്കേണ്ടതും ഓർമ്മിക്കേണ്ടതും നമ്മുടെ ജീവിതങ്ങളെ മനോഹരമാക്കുന്ന നമുക്ക് ചുറ്റുമുള്ള വനിതകളെയാണ്. സാമീപ്യംകൊണ്ടും അവർ നൽകുന്ന സേവനം കൊണ്ടും അവരുടെ നന്മകൊണ്ടും പ്രശോഭിപ്പിക്കപ്പെടുന്നത് നമ്മുടെ ജീവിതത്തോടൊപ്പം തന്നെ ഈ ലോകം മുഴുവനെയുമാണെന്ന് നാം ഓർമ്മിക്കേണ്ടതുണ്ട്. സമൂഹത്തിലെ ദുർബല വിഭാഗം എന്ന് മുദ്രകുത്തപ്പെട്ടതുകൊണ്ട് മാത്രം പാർശ്വവത്കരിക്കപ്പെട്ടുപോയ ഈ വിഭാഗത്തിന്റെ ശക്തിയെയും അസാമാന്യ കഴിവുകളെയും ഒതുക്കി നിർത്താൻ സാധിക്കില്ല. കാണാൻ സാധിക്കില്ലെങ്കിലും അവർക്കൊക്കെയും ശക്തവും മനോഹരവുമായ ചിറകുകൾ ഉണ്ട്. ഉയർന്നു ചിന്തിക്കുന്നതോടൊപ്പം കൂടുതൽ ഉയരത്തിൽ പറക്കാനും എല്ലാ വനിതകൾക്കും സാധിക്കട്ടെ. അവരുടെ ആകാശത്തിനു അതിരുകളില്ലാതാകട്ടെ. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അറുനൂറോളം അദ്ധ്യാപിക - അനധ്യാപികമാർക്കും നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന പതിനായിരത്തോളം വിദ്യാർത്ഥിനികൾക്കും എല്ലാ വനിതകൾക്കും ഈ ദിനത്തിന്റെ ആശംസകൾ!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions