വിദ്യാലയ ചരിത്രം
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോൾ വെള്ളമുണ്ട, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂർ വില്ലേജും ഉൾപ്പെടുന്നതുമായ സ്ഥലമാണിത്.പുളിയൻ രാജവംശത്തിന്റെ പിൻമുറക്കാരനായി വന്ന പുളിയൻനായരുടെ അധീനതയിലായിരുന്നു ഈ ഭൂവിഭാഗം.
പഴശ്ശിരാജാവ് ഈ പുളിയൻ നായരെ കീഴടക്കുകയും അദ്ദേഹത്തിൻെറ അധീനതയിലായിരുന്ന പ്രദേശങ്ങൾ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായർ തറവാട്ടുക്കാർക്കുമായി വീതിച്ചു കൊടുത്തു.
തൊണ്ടർ നമ്പ്യാർ എന്ന ജന്മിക്ക് ചാർത്തി കൊടുത്ത നിരവിൽപ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടർകോട്ട എന്ന പേരാണ് ഉള്ളത്. ഇതിൽ നിന്നാണ് തൊണ്ടർനാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയിൽ മംഗലശ്ശേരി നായന്മാരാണ് കുടി പാർത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയുടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരിൽ നിന്നാണ് ആ ദേശനാമം ഉണ്ടായത്.
കരിങ്ങാരി നായർ കരിങ്ങാരിയിലും ചെറുകരനായർ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയിൽ ആയപ്പോൾ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.
വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ
കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാൻ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാർ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടിൽ CWMS എന്ന പേരിൽ രണ്ട് ബസ് സർവ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണൽവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്നു.
കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികൾ നിറഞ്ഞ ഈ വൃക്ഷങ്ങൾ വഴിയാത്രക്കാർപ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികൾ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീർ പന്തൽ എന്ന പേരിലാണ് അറിയപ്പെട്ടത്.
ജനങ്ങളിൽ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണൻനായരെ ഒരു സ്കൂൾ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്. കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാൽ ദ്വാരകയിൽ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്.
സ്ഥാപക മാനേജരായിരുന്ന സി.കെ. നാരായണൻ നായർ പാരമ്പര്യമായി തുടർന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാൽ മാനേജർ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നിൽ സി.കെ .നാരായണൻ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നൽകിയിരുന്നത്. തുടർന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.
സ്കുൾ പ്രവേശനം:
ആദിവാസി വിഭാഗത്തിൽക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തിൽ 60 കുട്ടികളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേർതിരിവും ഉണ്ടായിരുന്നില്ല. മാനേജരെ സഹായിക്കാൻ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്.
അധ്യാപകർ:
അധ്യാപകരിൽ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ.ബാലൻമാസ്റ്റർ HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളായിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റർ, ടി.എച്ച്.കുഞ്ഞിരാമവാര്യർ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യർ തുടങ്ങിയവരും അധ്യാപകരായിരുന്നു. 1956-57 സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ ശ്രീ. മാധവൻ നമ്പ്യാർ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തിൽ അധ്യാപകരായിരുന്നു.ഈ കാലഘട്ടത്തിൽ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറുപ്പ്. അധ്യാപകർക്ക് അന്ന് ശമ്പളമായി 30 രൂപ മുതൽ ലഭിച്ചിരുന്നു.
വിദ്യാഭ്യാസ സമ്പ്രദായം
ഇന്ന് അറിയപ്പെടുന്നതുപോലെ എൽ.പി.,യു.പി. എന്നിവ യഥാക്രമം എൽ.പി. എലമെന്ററി എന്നും യു.പി.ഹയർ എലിമെന്ററി സ്കൂൾ എന്നുമാണ് അറിയപ്പെട്ടിരുന്നത്. 1 മുതൽ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത് യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത് Hi-gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കിൽ 11 വർഷം പഠിക്കണമായിരുന്നു. ഹൈസ്കൂൾ എന്നത് IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എൽ.സി. എന്നതിനെയും സൂചിപ്പിക്കുന്നു
ഭൗതിക സൗകര്യങ്ങൾ:
അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തിൽ ഓടുമേഞ്ഞതും പച്ചക്കട്ടകൊണ്ട് നിർമിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജർ തന്നെയായിരുന്നുവഹിച്ചിരുന്നത്. സ്കൂൾ പി.ടി.എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു.
വിദ്യാലയ വളർച്ച -ഘട്ടങ്ങളിലൂടെ
സ്കൂൾ മാനേജരായിരുന്ന ശ്രീമതി ദേവികയമ്മയ്ക്ക് വാർധക്യ സഹജകാരണങ്ങളാൽ സ്കൂൾ ഭരണം തുടർന്ന് നടത്താൻ വിഷമം നേരിട്ടപ്പോൾ സ്കൂൾ തലശ്ശേരി കോർപ്പറേറ്റിന് വിൽക്കാൻ തീരുമാനിച്ചു.1953-ൽ തലശ്ശേരിരൂപതയ്ക്ക് വേണ്ടി റവ.ഫാ. ജോർജ്ജ് കഴിക്കച്ചാലിൽ അച്ചൻ വിദ്യാലയം വിലക്ക് വാങ്ങി. അന്ന് ഒന്നു മുതൽ 7 ക്ലാസുകളിലെ 113 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. തന്കമ്മ , മറിയാമ്മ എന്നീ അധ്യാപകർ ഈ കാലയളവിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീ . കെ.വി.മത്തായിയാണ്. അക്കാലത്ത് സ്കൂളിന്റെ അടുത്തുള്ള കവലയിൽ രണ്ട് ഓടിട്ടതും പുല്ലുമേഞ്ഞതുമായ ഒന്നു രണ്ടു പീടികകൾ മാത്രമാണുണ്ടായിരുന്നത്. യു.പി. സ്കൂൾ ഇരുന്ന ഈ സ്ഥലത്തിന് നാലാം മൈൽ എന്നാണ് പറഞ്ഞിരുന്നത്. 1972-ൽ ഒരു ഡിവിഷനിൽ കൂടുതൽ കുട്ടികൾ ഉണ്ടാവുകയും ആ പോസ്റ്റിൽ ആന്റണി സാർ നിയമിതനാവുകയും ചെയ്തു. നെല്ലിക്കൽ മൂർത്തി എന്ന ഇന്നാട്ടുകാരനായ ഒരു സുഹൃത്ത് സഹകരണത്തോടെ ഒരു അറബിക് പോസ്റ്റിന്ആവശ്യമായ കുട്ടികൾ സ്കൂളിൽ എത്തുകയും ആ പോസ്റ്റിലേക്ക് ഇമ്പിച്ച് അഹമ്മദ് മാസ്റ്റർ നിയമിതനാകുകയും ചെയ്തു. സ്കൂളിൽ ഡിവിഷൻ വർദ്ധിക്കുകയും പുതിയ കെട്ടിടങ്ങളുമായി സ്കൂൾ ശരിക്കും വളർച്ചയുടെ പാതയിലായി.
1973-ൽ മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സ്കൂൾ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെന്റിലേക്ക് ലയിച്ചു. എ.വി.മത്തായി പി.എൽ.അന്നക്കുട്ടി, ക്ലാരസഭയിലെ സിസ്റ്റേഴ്സ് തുടങ്ങിയവർ അധ്യപകരായി സ്കൂളിലെത്തി. ഇവരുടെ സഹകരണത്തോടെ കലാരംഗം അതിന്റെ പൂർണതയിലെത്തി.
സ്കൂൾ വില്പനയുമായി ബന്ധപ്പെട്ടുനടന്ന എതിർപ്പിനെ തുടർന്ന് ഒരു വിഭാഗം അധ്യാപകർ കുറെ കുട്ടികളുമായി ഇപ്പോൾ Dwaraka Sacret Heart Higher Secondary School ഇരിക്കുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബദൽ സ്കൂൾ ആരംഭിച്ചു. രണ്ട് സ്കൂളിന്റെയും അംഗീകാരം നഷ്ടമാവുകയും അധ്യാപകർക്ക് ശമ്പളം ലഭിക്കാതെയാവുകയും ചെയ്തു. പിന്നീട് പുതിയ സ്കൂൾ കാപ്പുംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും അത് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇപ്പോഴത്തെ നല്ലൂർനാട് ജി.യു.പി.സ്കൂൾ തുടർന്ന് രണ്ട് സ്കൂളിനും അംഗീകാരം ലഭിച്ചു. കേസ് രൂപതയ്ക്ക് അനുകൂലമായ വിധിയുമായി. അധ്യാപകർക്ക് ശമ്പളം ലഭിക്കാനും തുടങ്ങി.
പുതിയ വിദ്യാലയവും പ്രവർത്തനവും
പുതിയ വിദ്യാലയത്തിൽ സരോജിനി ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്. കൂടാതെ പി.ആർ. നാരായണൻ ,എം. പി.ജോസഫ്,എം.സി.വിജയലക്ഷമി, ശ്രീമതി തിലോത്തമ്മ,ഇ.കെ.ജോസഫ് എന്നീ അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.സരോജിനി ടീച്ചർ റിട്ടയർ ചെയ്ത സ്ഥാനത്തേക്ക് കെ.ജെ.പൗലോസ് മാസ്റ്റർ നിയമിതനായി. നാട്ടുകാരനായ ഒരാളെ ഹെഡ്മാസ്റ്റർ ആയി കിട്ടിയതോടെ സ്കൂളിന് ഒരു പുതിയ ഉണർവുണ്ടായി. ഹൈസ്കൂളിൽ 100% വിജയം കൂടിആയതോടെ ദ്യാരക സ്കൂളിലേക്ക് കുട്ടികളുടെ വരവ് കൂടി. ഒരു ഡിവിഷനിൽ 75 കുട്ടികൾ വരെയായി.
സ്കൂളിൽ ഡിവിഷൻ അനുവദിക്കണമെങ്കിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാകണം. അങ്ങനെ ബഹു. മാത്യു കൊല്ലിത്താനത്തച്ചൻ മാനേജരായിരുന്ന കാലത്ത് കോർപറേറ്റിന്റെ സഹകരണത്തോടെ 100അടി നീളത്തിൽ ഒരു ഇരുനില കെട്ടിടം ഉണ്ടായി.
ഈ കാലഘട്ടത്തിൽ സബ് ജില്ലാതലത്തിലും ശാസ്ത്രമേളയിൽ മിക്ക വർഷവും ഒന്നാം സ്ഥാനം ദ്വാരക സ്കൂളിന്ആയിരുന്നു.1988ൽ സംസ്ഥാന ശാസ്ത്രമേളയിൽ ഇ.കെ.ജോസഫ് സാറിന്റെ നേതൃത്വത്തിൽ മികച്ച നേട്ടം കൈവരിച്ചു കായിക രംഗത്തും കലാരംഗത്തും സബ്ജില്ലാ,ജില്ലാതലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ സ്കൂളിന്റെ യശസ്സ് ഉയർന്നുവരാൻ ഇടയാക്കി.
1993 മുതൽ 1999 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ശ്രീ.വി.പി.ജോൺ സാർ ആയിരുന്നു. ഈ കാലഘട്ടത്തിൽ 1126 കുട്ടികളും 35ഓളം അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നു.എൽ.എസ്.എസ്,യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം കൈവരിക്കാൻ ഈ കാലത്ത് സാധിച്ചു. ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയമേള,കലാമേള,കായികമേള,സംസ്കൃതോത്സവം എന്നിവയിൽ സബ്ജില്ലാ,ജില്ലാതലങ്ങളിൽ ഉന്നതവിജയം കൈവരിച്ചി രുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാതിലകപട്ടം അണിഞ്ഞത് ഈ സ്കൂൾ വിദ്യാർത്ഥിനി രശ്മി കിരൺ ജി.ആണ്. സ്കൗട്ട്,ഗൈഡ്,ബുൾ ബുൾ,സഞ്ചയിക സമ്പാദ്യപദ്ധതി എന്നിവ സ്കൂളിൽ കാര്യക്ഷമമായി നടന്നിരുന്നു. കോർപ റേറ്റ് മാനേജ്മെന്റ് നടപ്പാക്കിയ Best School Selectioner ആദ്യവർഷം തന്നെ Best U.P School പദവി നേടാനായി.
1999ൽ ഏപ്രിൽ മാസം മുതൽ ശ്രീ.ഇ.കെ.ജോസഫ് സാർ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.എൽ.എസ്.എസ്,യു.എ സ്.എസ്.പരീക്ഷകളിൽ കൂടുതൽ കുട്ടികൾക്ക് വിജയം ലഭിച്ചു. സ്കൂളിൽ പുതുതായി രൂപീകരിക്കപ്പെട്ട ബാന്റ് സെറ്റ് ജില്ലാ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് അഭിമാനകരമായ വിജയം കൈവരിച്ചു.ഭൗതിക സാഹചര്യങ്ങളിലും ഈ കാലത്ത് പുരോഗതിയുമായി മാനേജറായിരുന്ന റവ.ഫാദർ വിജയൻ ചോഴം പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മൂന്നാമത്തെ നിലയും പൂർത്തിയാക്കി,മനോഹരമായ മൈതാനം,അടുക്കള,ബാത്ത്റൂം,12,000ലിറ്റർ വെളളം ശേഖരിച്ചു വെയ്ക്കുന്ന ടാങ്ക് എന്നിവയുടെ നിർമ്മാണം പൂര്ഡത്തിയാക്കിയതും ഓഫീസും സ്റ്റാഫ് റൂമുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചതുംഈ കാലഘട്ടത്തിലാണ്.
2000 ഏപ്രിൽ മാസം മുതലാണ് ശ്രീ. എം.പി. ജോസഫ് സാർ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായത്.കലാ,കായിക,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവത്തിലും എൽ.എസ്.എസ്.,യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിലും അഭിമാനാർഹമായ നേട്ടം സ്കൂൾ കൈവരിച്ചിരുന്നു. പഞ്ചായത്ത് തല പ്രതിഭാനിർണയത്തിൽ ഈ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ബാന്റ് ട്രൂപ്പ് ചടങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ്ജില്ലാ കായിക മത്സരത്തിൽ ഷെജിൻ വർഗീസ് (ഇപ്പോഴത്തെ ദേശീയതാരം),ടിന്റു ദേവസ്യ എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടുകയുമായി. ഉപജില്ലാ കലാമത്സരത്തിൽ കലാതിലകപട്ടവും,പ്രസംഗ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും നേടി അനിലിറ്റ് ബേബി സ്കൂളിന്റെ അഭിമാനപാത്രമായി. സ്കൂളിന്റെ സുവർണ ജൂബിലി 2003ൽ വിപുലമായി ആഘോഷിക്കുകയും സ്മാരകമായി ഒരു സ്റ്റേജ് നിർമിക്കപ്പെടുകയും ചെയ്തു.
വിദ്യാലയം ഇന്ന്:
1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ. സിജോ ഇളങ്കുന്നപ്പുഴ
കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
നിലവിൽ മാനേജർ റവ.ഫാദർ ബാബു മൂത്തേടത്ത് ,ഹെഡ്മാസ്റ്റർ-ഷോജി ജോസഫ് , പി.റ്റി എ പ്രസിഡന്റ്- ജിജേഷ് എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.