We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
SEP
പ്രിയമുള്ളവരേ...
അറിവിനെ അനുഭവമാക്കി തലമുറകളെ വഴിനടത്തുന്ന ഗുരുക്കന്മാർക്ക് ആദരമർപ്പിക്കാനായി വീണ്ടുമൊരു അധ്യാപകദിനം. പാഠ്യപദ്ധതികൾക്കപ്പുറം ജീവിതമൂല്യങ്ങൾ പകർന്നും ജീവിതങ്ങളെ സ്വാധീനിച്ചും ലോകത്തിന്റെതന്നെ നാളെയെ വാർത്തെടുക്കുന്ന അധ്യാപകർ തന്നെയാണ് ഉടലും ഉയരും ഏകിയ മാതാപിതാക്കൾ കഴിഞ്ഞാൽ ജീവിതത്തിലെ പ്രഥമസ്ഥാനീയർ. കാലികമായ മാറ്റങ്ങൾ അധ്യയനത്തിൽ വന്നെങ്കിലും വെളിച്ചം പകരുന്ന വിളക്കുമാടങ്ങൾ തന്നെയാണ് ഏതുകാലത്തും ഗുരുക്കന്മാർ. ലോകത്തിന്, തലമുറകൾക്ക്, മാനവകുലത്തിന് വെളിച്ചം പകരുന്ന കർമകാണ്ഡത്തിന്റെ അവകാശികളായ അധ്യാപകരേക്കാൾ, മുന്നിലിരിക്കുന്നവരെ തന്നേക്കാൾ വലിയവരാക്കാൻ വിയർപ്പൊഴുക്കുന്ന മറ്റാരാണുള്ളത്!
ബ്രാഡ്‌ലി എന്ന് പേരുള്ള ജർമൻകാരനായ ഒരു ബാലന്റെ നാല് വരി കവിതയുണ്ട്:
"എന്നെ നിങ്ങൾ മെല്ലെ തലോടിയാൽ,
എന്നെ നോക്കി പുഞ്ചിരിച്ചാൽ,
ചിലപ്പോഴെങ്കിലും ഞാൻ പറയുന്നതൊന്നു ശ്രദ്ധിച്ചാൽ...
ഞാൻ വളരും; തീർച്ചയായും വളരും."
ഒരു അധ്യാപകന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണിത്. കവി ഒരു ബാലനാണെങ്കിലും ആ എഴുതിയ വരികളിൽ വലിയൊരു സത്യമുണ്ട്. നമ്മൾ നമ്മുടെ അധ്യാപകരെ ഓർക്കുമ്പോൾ കോപത്തോടെ നമ്മെ നോക്കിയവരെയല്ല ഓർക്കാൻ ഇഷ്ടപ്പെടുന്നത്; മറിച്ച്, നമ്മെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചവരെയാണ്.
"ചിലപ്പോഴെങ്കിലും ഞാൻ പറയുന്നതൊന്നു ശ്രദ്ധിച്ചാൽ" എന്നാണ് കുട്ടി പറയുന്നത്. അധ്യാപകർക്ക് എപ്പോഴും ഒരാളെത്തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. കുട്ടികൾ പറയുന്നത് മുഴുവൻ നമ്മൾ അംഗീകരിക്കണമെന്നുമില്ല. എങ്കിലും, അവരുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കുകയും ആദരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്താൽ കുട്ടികൾ നമ്മുടെ മുന്നിൽ പൂക്കൾ വിരിയുന്നത് പോലെ വിരിയും. അവർക്ക് സംസാരിക്കാനും പ്രവർത്തിക്കാനും ചിന്തിക്കാനുമുള്ള അവസരങ്ങൾ നൽകുക; വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും.
"നിങ്ങൾ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങിയാലും എന്തെങ്കിലും കടുത്ത വിഷമങ്ങളോ ബുദ്ധിമുട്ടുകളോ വരികയോ, മാനസികമായി തകർന്നു പോകുമെന്ന് തോന്നുകയോ ചെയ്താൽ എന്നെ വിളിക്കുക. ഞാൻ നിങ്ങളുടെ വിളിപ്പുറത്തുണ്ടാകും..."— എന്ന് കുട്ടികളോട് ഉറപ്പിച്ചു പറയാൻ ഓരോ അധ്യാപകനും സാധിക്കണം.
കറുത്ത ബോർഡിൽ വെളുത്ത ചോക്കുകൊണ്ട് അധ്യാപകർ എഴുതിയും വരച്ചും നൽകുന്നത് തങ്ങളുടെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നിറമാർന്ന ഭാവിയാണെന്ന കാര്യം ഓരോ വിദ്യാർത്ഥിയും മറക്കാതിരിക്കുക. ഒരു തൊഴിൽ എന്നതിനപ്പുറം അധ്യാപനം ലോകത്തിന് പകരുന്ന മൂല്യബോധം വിലമതിക്കാനാവാത്തതാണ്.
'എന്ത് ചിന്തിക്കണം' എന്നതിനേക്കാൾ 'എങ്ങനെ ചിന്തിക്കണം' എന്ന് കുട്ടികളെ പഠിപ്പിക്കുക, കുട്ടികളുടെ രീതികളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ് ജീവിതവിജയം നേടാനുള്ള കരുത്ത് അവരിൽ നിറയ്ക്കുക എന്നത് ഏതൊരു അധ്യാപകന്റെയും ഉത്തരവാദിത്വമാണ്. അധ്യാപനരീതിയും പകർന്നു നൽകുന്ന സ്നേഹവും പ്രതീക്ഷ നൽകുന്ന കരുതലുമാണ് വിദ്യാർത്ഥികളുടെ മനസ്സകങ്ങളിൽ എക്കാലവും നിലനിൽക്കുന്നത്. കുട്ടികളുടെ പുഞ്ചിരിയും നിഷ്കളങ്കതയും ഹൃദയശുദ്ധിയും മായാതെ നിലനിൽക്കാൻ പ്രയത്നിക്കുന്ന, മനസ്സിന്റെ ഉള്ളിലെ കുട്ടിത്തം മരിക്കാൻ അനുവദിക്കാത്ത അധ്യാപകരായിരിക്കട്ടെ ഈ ദിനത്തിലെ നായകർ.
"അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്‌മൈ ശ്രീ ഗുരവേ നമഃ"
അജ്ഞതയാകുന്ന തിമിരം ബാധിച്ച് അന്ധനായി തീർന്ന എന്റെ കണ്ണുകളിൽ, ജ്ഞാനമാകുന്ന അഞ്ജനം എഴുതിക്കൊണ്ട് കണ്ണുതുറപ്പിച്ച സദ്ഗുരുവിന് നമസ്കാരം...!
ഒരു കുട്ടിപോലും തമസ്സിൽ ആണ്ടുപോകരുതെന്ന് നിസ്വാർത്ഥമായി ആഗ്രഹിച്ചുകൊണ്ട്, ഇന്നോളം നന്മയുടെ വഴി കാണിച്ചുതരുന്ന, അധ്യാപനം സർഗാത്മക പ്രവർത്തനമായി കാണുന്ന, അമ്മയോളം ക്ഷമിക്കുന്ന, അച്ഛനെപ്പോലെ കരുതൽ നൽകുന്ന പ്രിയ അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു.
കോർപ്പറേറ്റ് മാനേജർ
മാനന്തവാടി രൂപത
Corehub Solutions