We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JAN
പ്രിയമുള്ളവരേ,
ഒരു പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്നത്. നമ്മുടെ രാജ്യം റിപ്പബ്ലിക് ആയതിന്റെ 76 ആം വാർഷികമാണിന്ന്. രാജ്യത്തിന്റെ പരമാധികാരം ജനങ്ങൾക്ക് ഉണ്ട് എന്നതിനൊപ്പം തന്നെ ജനങ്ങളുടെ താല്പര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിർവ്വഹിക്കാനുള്ള ഉത്തരവാദിത്വം ഭരണകർത്താക്കൾക്കുമുണ്ട്. ‘ജനക്ഷേമരാഷ്ട്രം’ എന്നാണു റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അർത്ഥം. അതും ഈ ദിനത്തിൽ പ്രത്യേകമായി ഓർമ്മിക്കേണ്ടതുണ്ട്.
ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്നതായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചുമതല. 7,600 ഓളം നിർദേശങ്ങളിൽ നിന്നും ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കി. അങ്ങനെ ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. 1949 നവംബർ 26 നു ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടക്കുകയും അവിടെ വെച്ച് ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടും ചെയ്തു. രണ്ട് മാസത്തിന് ശേഷം, 284 അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.
നമ്മുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. ഒരു രാജ്യത്തിന്റെ നട്ടെല്ല് അതിന്റെ ഉറച്ചതും ശക്തവുമായ ഭരണഘടനയാണ്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഏറ്റവും മഹത്വമാർന്നതും ശക്തവുമായതിൽ നമുക്ക് അഭിമാനിക്കാം. കാലമെത്ര മാറിയാലും എന്നും നിലനിൽക്കുന്ന ഈ അടിസ്ഥാനത്തെ നാം ബഹുമാനിക്കേണ്ടതുണ്ട്. രാജ്യത്തെ സ്നേഹിക്കുന്നതുപോലെതന്നെ നമ്മുടെ ഭരഘടനയെ ബഹുമാനിക്കാനും അതിലെ നിയമങ്ങളും നിർദേശങ്ങളും പാലിക്കാനും നാം പ്രത്യേകം ശ്രദ്ധിക്കണം. അതുവഴി രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ നമുക്കേവർക്കും ഒരുമിച്ച് കൈകോർക്കാം. റിപ്പബ്ലിക്ക് ദിനത്തിന്റെ ആശംസകൾ ഏവർക്കും നേരുന്നു!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ