We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
1805 നവംബർ 30. പഴശ്ശിരാജയേയും അദ്ദേഹത്തെ സഹായിക്കുന്ന വിപ്ലവകാരികളേയും പിടികൂടാൻ ബ്രിട്ടീഷ് സബ് കലക്ടർ ബാബറും സംഘവും പുൽപ്പള്ളിയിലെ കാടുകൾ തോറും കയറിയിറങ്ങി. മാവിലാം തോടിന്റെ കരയിലിരുന്ന പത്തോളം വിപ്ലവകാരികളെ ബാബറും സംഘവും കാണുകയും ആക്രമിക്കുകയും ചെയ്തു. എന്നാൽ തോക്കും അമ്പും തമ്മിലുള്ള പോരാട്ടത്തിൽ വെടിയുണ്ടകൾക്ക് ആധിപത്യം കൂടി. എങ്കിലും പോരാട്ട വീര്യം മുന്നിട്ടു നിന്നത് എണ്ണത്തിൽ കുറവായ സ്വാതന്ത്ര്യ സേനാനികളായ 'വിപ്ലവകാരി'കൾക്കായിരുന്നു.
എല്ലാവരും നിലം പതിച്ചു. ദൃഢഗാത്രനായ ഒരു മദ്ധ്യ വയസ്കൻ മുറിവേറ്റെങ്കിലും ധീരമായി പോരാടുന്നത് കണ്ട ബ്രിട്ടീഷ് പട്ടാളത്തിലെ ശിപായിയായ കരുണാകരമേനോൻ അയാളുടെ അരികിലേക്ക് ചെന്നു. " മ്ലേച്ഛാ തൊട്ട് അശുദ്ധമാക്കരുത് .. മാറി പോ " എന്ന ആജ്ഞ മരിക്കാറായ ആ മനുഷ്യന്റെ ശരീരത്തിൽ നിന്നാണ് വരുന്നതെന്ന് ബാബറിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. നിമിഷങ്ങൾക്കകം, വയനാടൻ മണ്ണ് ആ വീര പുരുഷന്റെ ശരീരത്തെ ചേർത്തു വെച്ചു. 9 വർഷത്തോളം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇരിക്കപ്പൊറുതി നൽകാതിരുന്ന വീരപഴശ്ശിയുടെ പോരാട്ടത്തിനു അവിടെ തിരശ്ശീല വീഴുകയായിരുന്നു.
ഭാരതത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ നിരയിൽ സുപ്രധാനമായ സ്ഥാനമാണ് പഴശ്ശി രാജയ്ക്കുള്ളത്. ബ്രിട്ടീഷുകാർക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടം ധീരതയുടേയും സഹനത്തിന്റെയും വലിയ ഉദാഹരണമായിരുന്നു. അന്നത്തെ സബ് കളക്ടർ ആയിരുന്ന ബാബർ തന്നെ സാക്ഷ്യപ്പെടുത്തുന്നത് എല്ലാ വിഭാഗം ജനങ്ങൾക്കും പഴശ്ശി രാജാവിനോട് ബഹുമാനം ഭക്തിയോളമെത്തിയിരുന്നു എന്നാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ജനകീയ പോരാട്ടങ്ങളുടെ പട്ടികയിലാണ് പഴശ്ശി വിപ്ലവങ്ങളുടെ സ്ഥാനം. കേരളവും ഇന്ത്യയും കണ്ട സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ രാജകീയ ഗാംഭീര്യവും ദേശസ്നേഹവും ഒരുപോലെ കാത്തു സൂക്ഷിച്ച വീര പഴശ്ശിരാജയെ ഈ ദിനം പ്രത്യേകമായി ഓർമിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും മത സൗഹാർദ്ദത്തിനും വിലങ്ങുതടിയായി നിൽക്കുന്ന എല്ലാ കാര്യങ്ങൾക്കുമെതിരെ ധീരമായി പോരാടാൻ ഈ വീരപുരുഷന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലികൊടുക്കുക എന്നത് മഹത്തരമാണ്. ജനിച്ച മണ്ണിൽ ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് ഒരു അവകാശമാണെന്ന് പഴശ്ശിരാജ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വിലയും അവശ്യബോധവും മനസ്സിലാക്കിക്കൊണ്ട് സ്വാതന്ത്ര്യ സമരാഗ്നിയിൽ ബലിദാനം ചെയ്ത വീര പഴശ്ശിയുടെ ജ്വലിക്കുന്ന ഓർമ്മകൾ കേരളമുള്ള കാലം വരെയും നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും. പഴശ്ശിരാജാവിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ നമ്മുടെ മനസ്സിലും എക്കാലവും ദേശ സ്നേഹം നിറയ്ക്കട്ടെ. വീര പഴശ്ശിയുടെ ഓർമ്മകൾക്കുമുൻപിൽ പ്രണാമം!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions