We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
SEP
പ്രിയമുള്ളവരേ,
"ശാസ്ത്രത്തിന്റെ മുന്നറിയിപ്പുകൾ രാഷ്ട്രങ്ങൾ ശ്രദ്ധിക്കുമ്പോൾ പുരോഗതി സാധ്യമാണെന്ന് ഈ നേട്ടം നമ്മെ ഓർമ്മിപ്പിക്കുന്നു," ഐക്യ രാഷ്ട്ര സംഘടനയുടെ അധ്യക്ഷൻ അന്റോണിയോ ഗുട്ടറസ് ഓസോൺ ദിനാചരണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. സൂര്യ പ്രകാശമില്ലാതെ ഭൂമിയിൽ ജീവൻ സാധ്യമല്ല. എന്നാൽ സൂര്യനിൽ നിന്ന് പുറപ്പെടുന്ന വലിയ തോതിലുള്ള ഊർജ്ജത്തെ തടഞ്ഞു നിർത്തി നമുക്കാവശ്യമുള്ള അളവിൽ ഭൂമിയിലേയ്ക്ക് കടത്തി വിടുന്ന വലിയൊരു കുടയാണ് ഓസോൺ പാളി. അതുകൂടാതെ മനുഷ്യന് ഹാനികരമായ അൾട്രാ വയലറ്റ് രശ്മികളേയും തടഞ്ഞു നിർത്താൻ ഈ സ്ട്രാറ്റോസ്ഫെറിക് പാളി സഹായിക്കുന്നുണ്ട്. എന്നാൽ 1970 -കളുടെ അവസാനത്തിലാണ് ശാസ്ത്രജ്ഞർ ഭൂമിയുടെ ഈ കവചത്തിന് ദ്വാരങ്ങളുണ്ടാകുന്നു എന്ന് കണ്ടുപിടിക്കുന്നത്. റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ തുടങ്ങിയവ പുറത്തുവിടുന്ന ഓസോണിനെ തകർക്കുന്ന വാതകങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നതെന്നായിരുന്നു പഠനങ്ങൾ. അതിന്റെ ഫലമായി ചർമ്മത്തിലുണ്ടാകുന്ന കാൻസർ, തിമിരം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ നമ്മുടെ സസ്യങ്ങളുടെയും പരിസ്ഥിതിയുടെയും സന്തുലിതാവസ്ഥ നശിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്നു.
1985 ൽ യു. എൻ. വിളിച്ചു ചേർത്ത വിയന്ന ഉച്ചകോടിയിൽ ലോക രാഷ്ട്രങ്ങൾ ഒരുമിച്ച് ചേർന്ന് ഓസോണിനെ തകർക്കുന്ന വാതകങ്ങൾ പുറത്തുവിടുന്ന പദാർത്ഥങ്ങളിൽ 99 ശതമാനവും വെട്ടിമാറ്റാൻ തീരുമാനിച്ചു. പിന്നീടുള്ള പഠനങ്ങളിൽ ഭൂമിയുടെ ഈ രക്ഷാ കവചം സുഖപ്പെടുന്നതായി ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. അതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം ലോകത്തെ ഓർമ്മിപ്പിക്കാനായി എല്ലാ വർഷവും സെപ്റ്റംബർ 16 നു ലോക ഓസോൺ ദിനം ആചരിക്കാൻ ആരംഭിച്ചു. ഓസോൺ പാളിയുടെ സംരക്ഷണം ഒരു ആഗോള ഉത്തരവാദിത്തം മാത്രമല്ല, ഭാവി തലമുറകൾക്ക് നാം നൽകുന്ന ഒരു സമ്മാനമാണ്. ഇതിനുവേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളുണ്ട്.
സാധ്യമാകുന്നിടത്തെല്ലാം ഓസോൺ സൗഹൃദവും CFC രഹിതവുമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. പഴയ റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ ഉത്തരവാദിത്തത്തോടെ പുനരുപയോഗം ചെയ്യുക.
ഊർജ്ജം സംരക്ഷിക്കുക - ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കുക, ഉപയോഗത്തിലില്ലാത്തപ്പോൾ ഉപകരണങ്ങൾ ഓഫ് ചെയ്യുക. വിദ്യാലയങ്ങളിലും കുടുംബങ്ങളിലും പരിസ്ഥിതി വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഭൂമിയുടെ സൺസ്‌ക്രീൻ പോലെ വർത്തിക്കുന്ന ഇതിനെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ചെറിയ പ്രവർത്തികളാണ് വലിയ മാറ്റങ്ങളുടെ താക്കോൽ എന്നാണ് നാം ഓർമ്മിക്കേണ്ടത്. ശാസ്ത്രം നൽകുന്ന മുന്നറിയിപ്പ് നാം പാലിക്കുമ്പോൾ പുരോഗതിയോടൊപ്പം സുരക്ഷിതമായ ഒരു ഭാവി തലമുറയെക്കൂടിയാണ് നമുക്ക് ലഭിക്കുക.
ഈ ഭൂമിയിലെ മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതിയ്ക്കും വേണ്ടി എക്കാലവും വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ വളർന്നു വരുന്ന ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ടത് നമ്മുടെ നിലനിൽപ്പിനു ആധാരമായവയെ സംരക്ഷിക്കേണ്ടതും പോഷിപ്പിക്കേണ്ടതും നമ്മുടെ തന്നെ ഉത്തരവാദിത്വമാണെന്നാണ്. അതിനാൽ തന്നെ 'ഭൂമിയുടെ ഈ കുട'യെ സംരക്ഷിക്കുക എന്നത് സ്വയം സംരക്ഷണമാണെന്നു ഓർമ്മിക്കുക. ഓസോണിനെ ഒരു ഓർമ്മയാക്കാതെ നമ്മോടും വരും തലമുറയോടുമുള്ള പ്രതിബദ്ധത നമുക്ക് നിറവേറ്റാം. അതുവഴി നമുക്ക് പ്രകൃതിയുടെയും ജീവന്റെയും കാവലാളാകാം.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions