We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JAN
“ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. അത്രമാത്രം ലളിതവും സുന്ദരവുമായിരുന്നു ഗാന്ധിജിയുടെ ജീവിതം," പ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ദേശീയതയുടെയും മുഖമുദ്രയും കാവൽക്കാരനുമായ മോഹൻ ദാസ് കരം ചന്ദ് ഗാന്ധി എന്ന ഇന്ത്യയുടെ രാഷ്ട്ര പിതാവിന്റെ ചരമ വാർഷികമാണിന്ന്. ഈ ദിനം തന്നെയാണ് രക്ത സാക്ഷിത്വദിനമായി ആചരിക്കുന്നതും. ഒരു രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം മാറ്റിവെച്ച അദ്ദേഹത്തിന്റെ വിയോഗത്തെ ലോകത്തിന്റെ വലിയൊരു നഷ്ടമായിത്തന്നെ കണക്കാക്കുന്നു.
77 വർഷങ്ങൾക്ക് മുൻപ്, നാഥൂ റാം വിനായക് ഗോഡ്‌സെ എന്ന വർഗ്ഗീയ വാദിയുടെ വെടിയേറ്റ് ആ മഹാത്‌മാവ് രക്തസാക്ഷിത്വം വരിച്ചു. "നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി, എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച, രാഷ്ട്രപിതാവ് ഇനിയില്ല." 1948 ജനുവരി 30, രാത്രി 8.30 പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ശബ്ദം കണ്ണീരോടെ രാജ്യം ശ്രവിച്ചു. എങ്കിലും കാലാതീതനായ ഒരു നേതാവിന്റെ വിയോഗത്തിൽ അദ്ദേഹം ലോകത്തിനായി നല്കിയിട്ടുപോയ അനവധി മൂല്യങ്ങളുണ്ട്. എക്കാലവും ശ്രദ്ധേയവും എന്നാൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതുമായ ഒന്നാണ് അദ്ദേഹം ഏറ്റവും മുറുകെ പിടിച്ച 'സത്യം' എന്ന സനാതന മൂല്യം.
ഗാന്ധിജി സത്യസന്ധതയുടെ ഒരു വക്താവായിരുന്നു. സത്യം പ്രസംഗിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് അത് ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്തു. കുട്ടിക്കാലത്ത് ഒരിക്കൽ പിതാവിനോട് കള്ളം പറഞ്ഞ അദ്ദേഹം പിന്നീട് ദു:ഖിച്ച് പിതാവിനോട് ക്ഷമ ചോദിക്കുകയും സത്യം ഏറ്റുപറയുകയും ചെയ്തു. സത്യം സംസാരിക്കാനുള്ള ഗാന്ധിജിയുടെ ധൈര്യത്തെ പിതാവ് അഭിനന്ദിച്ചു. അതിനി ശേഷം ജീവിതത്തിലുടനീളം സത്യവുമായി നിരവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. അതിനാൽ തന്നെ തന്റെ ആത്മ കഥയുടെ ശീർഷകമായി അദ്ദേഹം തിരഞ്ഞെടുത്തതും 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്നുതന്നെയാണ്.
ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്നതും ഭീഷണി നേരിടുന്നതും സത്യം തന്നെയാണ്. അതിനാൽ തന്നെ ഈ ദിനത്തിൽ നാം ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ടതും ചിന്തിക്കേണ്ടതും സത്യത്തിന്റെ നിലനില്പിനെക്കുറിച്ചും അതിന്റെ പൂർത്തീകരണത്തിനുമാണ്. ജീവിതത്തിൽ സത്യത്തെയും ധർമ്മത്തെയും മുറുകെപ്പിടിക്കാൻ നാം ബോധപൂർവ്വം ശ്രമിക്കണം. മൂല്യബോധമുള്ള ഒരു തലമുറയെയും സമാധാനമുള്ള ഒരു രാജ്യത്തെയും കെട്ടിപ്പടുക്കാൻ ഗാന്ധിജി മുറുകെപ്പിടിച്ചു സത്യം മാത്രം മതി. സത്യമെന്നത് വെറുമൊരു വാക്കല്ല; ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം.
മഹാത്മാവിനു പ്രണാമം...
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ