We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUL
“മലാല ദിനം എന്റെ ദിവസമല്ല. ഇന്ന് എല്ലാ സ്ത്രീകളുടെയും, ഓരോ ആൺകുട്ടികളുടെയും, അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ എല്ലാ പെൺകുട്ടികളുടെയും ദിനമാണ്." - 2013 ജൂലൈ 12 നു മലാല യൂസഫ്സായി എന്ന പതിനാറു വയസ്സുള്ള പെൺകുട്ടി ഐക്യ രാഷ്ട്രസഭാ സമ്മേളനത്തിൽ സംസാരിച്ചത് ഇപ്രകാരമായിരുന്നു. പാക്കിസ്ഥാനിലെ മിംഗോറയിൽ ജനിച്ച മലാല എല്ലാ കുട്ടികളെയും പോലെ വിദ്യാഭ്യാസം ഒരു അവകാശമായി കണ്ടു. എങ്കിലും 2007-ൽ താലിബാൻ അവൾ താമസിച്ചിരുന്ന നഗരം ഏറ്റെടുക്കുകയും പെൺകുട്ടികളെ സ്കൂളിൽ പോകുന്നത് വിലക്കുകയും ചെയ്തു. ചെറുപ്പത്തിൽ തന്നെ, താലിബാനെതിരെ നിലകൊണ്ട മലാല 2009-ൽ ഒരു ബ്ലോഗ് തുടങ്ങുകയും താലിബാൻ ഭരണത്തിൻ കീഴിലുള്ള ജീവിതത്തെക്കുറിച്ച് എഴുതുകയും ചെയ്തു. സ്‌കൂളിൽ പോകാനുള്ള ആഗ്രഹത്തെക്കുറിച്ചും അവൾ എഴുതി. മൂന്ന് വർഷമായി അവളും അവളുടെ പിതാവും പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവകാശത്തിനായി വാദിച്ചു. 2012 ഒക്‌ടോബർ ഒമ്പതിന് പുലർച്ചെ താലിബാൻ തീവ്രവാദികൾ മലാല യൂസഫ്‌സായിയുടെ തലയ്ക്ക് വെടിയുതിർത്തു. അന്ന് അവൾക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാല് ദിവസം സൈനിക ആശുപത്രിയിൽ കഴിഞ്ഞ ശേഷം ഡോക്ടർമാർ അവളെ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ഐസിയുവിലേക്ക് മാറ്റി. ഒന്നിലധികം ശസ്ത്രക്രിയകൾക്കും ആഴ്ചകൾ നീണ്ട പുനരധിവാസ തെറാപ്പിക്കും ശേഷം അവൾ ബർമിംഗ്ഹാമിലെ സ്കൂളിൽ പഠനം പുനരാംഭിച്ചു. ജൂലൈ 12 അവളുടെ ജന്മദിനം മാത്രമല്ല ആ ദിനത്തിൽ തന്നെയാണ് അവൾ വിദ്യാഭ്യാസം ഒരു അടിസ്ഥാന അവകാശമാണെന്ന് യു എന്നിൽ പ്രസംഗിച്ചത്. അവകാശ നിഷേധവും ബാലവേലയും പട്ടിണിയുമെല്ലാം നിരവധി കുട്ടികളുടെ വിദ്യഭ്യാസ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുമ്പോൾ വിദ്യാഭ്യാസം തന്നെയാണ് പ്രഥമവും പ്രധാനവുമായി മനുഷ്യന് ലഭിക്കേണ്ടതെന്നു അടിച്ചമർത്തലിനിടയിലും ലോകത്തോടു വിളിച്ചുപറഞ്ഞ പെൺകുട്ടിയുടെ ധൈര്യത്തേയും ദാർശനികതയെയുമാണ് ഈ ദിനത്തിൽ ലോകം ബഹുമാനിക്കുന്നത്. പലകാരണങ്ങളാൽ ലോകത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുണ്ട്. ജീവിതത്തെ മൂല്യമുള്ളതാക്കാനും നല്ല സംസ്ക്കാരത്തിന്റെ വക്താക്കളാകാനും ലഭിക്കുന്ന വലിയ അവസരമാണ് വിദ്യാഭ്യാസം. മാനന്തവാടി വിദ്യാഭ്യാസ ഏജൻസിയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജീവിത മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം സംലഭ്യമാക്കിക്കൊണ്ടിരിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു. എല്ലാ അധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും അത്യധികം ആഗ്രഹത്തോടെയും ബഹുമാനത്തോടെയും വിദ്യാഭ്യാസത്തെ സമീപിക്കുന്നത് അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസമെന്നാൽ കേവലം അകലങ്ങളിലിരിക്കുന്ന നക്ഷത്രങ്ങളുടെ മറുവശം കാണുക എന്നതല്ല മറിച്ച്, നടക്കുമ്പോൾ കാൽ ചുവട്ടിലൂടെ അരിമണിയുമായി നടന്നു നീങ്ങുന്ന ഉറുമ്പിനെ പോലും പരിഗണിക്കുന്നതാകണം എന്ന ദാര്ശനികതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നു മനസ്സിലാക്കാൻ ഈ ദിനം നമ്മെ സഹായിക്കട്ടെ.
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions