We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
പ്രിയമുള്ളവരേ,
കേരളത്തിൻ്റെ ജനനത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ടെങ്കിലും അതിന്റെ ആധികാരികമായ പുരാതന ചരിത്രത്തിലേക്കുകൂടി കണ്ണോടിക്കുമ്പോൾ കഴിഞ്ഞ 68 വർഷങ്ങൾ കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന മറ്റൊരു സംസ്ഥാനം ഭാരതത്തിലില്ല. 1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ ജന്മം കൊണ്ടത് പ്രസരിപ്പുള്ള ഒരു നിത്യ ഹരിത സംസ്കാരമാണ്.
"നിങ്ങൾക്ക് എത്ര പുറകിലേക്ക് നോക്കാൻ കഴിയും, അത്രയും മുന്നോട്ട് നിങ്ങൾ കാണും," വിൻസ്റ്റൺ ചർച്ചിലിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ഉത്ഭവത്തെക്കുറിച്ചു അറിയുന്നത് നമ്മുടെ വികസന കാഴ്ചപ്പാടുകളെ ഭാവാത്മകമായി ചേർത്തുവെയ്ക്കാൻ സാധിക്കും.
രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ആ ഒരു മേന്മയും വികസനവും 68 വർഷങ്ങൾക്കിപ്പുറവും തുടർന്നുകൊണ്ടിരിക്കുന്നതിൽ നമുക്കഭിമാനിക്കാം. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ അത് നമ്മെ ഓർമ്മിപ്പിക്കുന്നത് ഭാഷ എന്നത് നമുക്ക് ആശയവിനിമയത്തിനുള്ള ഒരു ഉപാധി എന്നതോടൊപ്പംതന്നെ അത് സംസാരിക്കുന്ന സമൂഹത്തിൻറെ സംസ്കാരത്തിൻറെ കൂടെ ഭാഗമാണ് എന്നതാണ്. അതോടൊപ്പം ഓരോ നാടിന്റെയും സംസ്കാരത്തിന്റെ ആകെത്തുകയും പ്രതീകവുമാണ് ഭാഷ. അതിനാൽത്തന്നെ കേരളത്തിന്റെ സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കാൻ മലയാള ഭാഷയോളം മറ്റൊന്നിനും സാധിക്കില്ല.
കേരളപ്പിറവി ദിനമായ ഇന്ന് തന്നെ മലയാള ഭാഷാ ദിനമായി ആചരിക്കുന്നത് ഏറ്റവും അനുയോജ്യമാണ്. മലയാള ഭാഷയെയും നമ്മുടെ കേരളം നാടിനെയും ചേർത്തു പിടിക്കുമ്പോഴാണ് നമ്മുടെ തനതായ സംസ്കാരത്തെയും നന്മയെയും നമുക്ക് ജീവിതത്തിൽ ചേർത്തുവെയ്ക്കാൻ സാധിക്കുക. നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും അറിയാതെ വളരുന്ന ഒരു തലമുറ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കരുത്. ആത്മാഭിമാനവും ആത്മ വിശ്വാസവുമുള്ള ഒരു ജനസമൂഹം സ്വന്തം ഭാഷയെയും സംസ്കാരത്തെയും കൈവെടിയുകയില്ല. ഇത് വ്യക്തമായി നമ്മുടെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തണം. മലയാള ഭാഷയുടെ മാധുര്യവും കേരളത്തിന്റെ സംസ്കാരവും ചേർത്തുവെക്കാൻ എല്ലാ കേരളീയർക്കും സാധിക്കട്ടെ.
ഏവർക്കും കേരളപിറവിയുടെയും മലയാള ഭാഷാ ദിനത്തിന്റെയും ആശംസകൾ നേരുന്നു.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions