We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
AUG
പ്രിയമുള്ളവരേ,
ലോക ചരിത്രത്തിൽ കറുത്ത ദിനം എന്ന് എക്കാലവും ഓർമ്മിക്കുന്ന രണ്ടു വലിയ ദുരന്തങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ ജപ്പാനിൽ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിൽ അമേരിക്ക രണ്ടുപ്രാവശ്യം ആറ്റംബോംബ് ആക്രമണം നടത്തി. ലോക മനഃസാക്ഷിയെ മുറിപ്പെടുത്തിയ ആ സംഭവത്തിന് 78 വർഷം തികയുകയാണ്. 1945 ഓഗസ്റ്റ് 6 , 9 എന്നീ ദിനങ്ങളിൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ 'ലിറ്റിൽ ബോയ്' എന്ന വിളിപ്പേരിൽ അണുബോംബ് ഈ രണ്ടു നഗരങ്ങളുടെയും മേൽ പറന്നിറങ്ങി.
സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി. ദിവസങ്ങളുടെ ഇളവേളയിൽ ഒൻപതിന് രാവിലെ ഒൻപത് മണിക്കാണ് നാഗസാക്കിയിൽ 4630 കിലോടൺ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള 'ഫാറ്റ് മാൻ' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ ഇത് കണ്ടുപിടിക്കാൻ വൈമാനികർ ബുദ്ധിമുട്ടിയത് മറ്റൊരു നഗരത്തിന്റെ അന്ത്യത്തിന് കാരണമായി. ഈ രണ്ടു കറുത്ത ദിനങ്ങളിൽ മുപ്പത്തേഴായിരത്തോളം പേർക്ക് ആണവവികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. ഉരുകിവീണുകൊണ്ടിരിക്കുന്ന തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടിയ അനേകായിരങ്ങൾ ഇന്നും പൊള്ളിക്കുന്ന ഓർമ്മകളായി മനുഷ്യ മനഃസാക്ഷിയെ കണ്ണീരിലാഴ്ത്തുന്നു. ജീവൻ മാത്രം തിരികെ ലഭിച്ചവരും അവരുടെ പിൻതലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങൾ കാൻസർപോലുള്ള മാരകരോഗങ്ങൾ പിടിപെട്ട് പിന്നീട് നരകിച്ച് മരണമടഞ്ഞു. ഒരു യുദ്ധത്തിന്റെ ഓർമ്മപ്പെടുത്തലെന്ന നിലയിൽ രക്തസാക്ഷികളായി ഇന്നും ജീവിച്ചു മരിക്കുന്ന അനേകായിരങ്ങളാണ് ഹിരോഷിമയിലും നാഗസാക്കിയിലും ഉള്ളത്.
വർഷങ്ങൾ പിന്നിട്ടിട്ടും ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് വരും തലമുറയ്ക്കുള്ള ഒരു ഓർമ്മപ്പെടുത്തലായാണ്. യുദ്ധം നശിപ്പിച്ച അനേകം തലമുറകളെയും അവരുടെ സ്വപ്നങ്ങളെയും ലോകം അടയാളപ്പെടുത്തുന്ന കറുത്ത ദിനത്തിൽ ഇനിയൊരു യുദ്ധം നമുക്ക് വേണ്ട എന്ന വലിയ ഓർമ്മപെടുത്തലാണുള്ളത്. നിലവിൽ നടക്കുന്ന ഉക്രൈൻ - റഷ്യ യുദ്ധം മൂലം ജീവിതം നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളും ഇന്നിന്റെ നേർ ചിത്രങ്ങളായി നമുക്ക് മുൻപിൽ നിൽക്കുകയാണ്. ഈ കാലഘട്ടത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും മരണമടഞ്ഞവരിൽ ഒരു പക്ഷേ ചരിത്രത്തിൽ ഏറ്റവും വലിയ കണ്ടുപിടുത്തം നടത്താനുണ്ടായിരുന്ന, ലോക നന്മയ്ക്കായി പ്രവർത്തിക്കേണ്ടിയിരുന്ന അനേകം പ്രതിഭകൾ ഉണ്ടായിരുന്നിരിക്കാം. അങ്ങനെ ചെറുതും വലുതുമായ യുദ്ധങ്ങൾ നഷ്ടപ്പെടുത്തിയ എത്രയോ പ്രതിഭകളുണ്ട്.
വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം അറിവ് നേടുകയും അത് സമൂഹ നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്. നമ്മുടെ കുഞ്ഞുങ്ങൾ യുദ്ധങ്ങളെക്കുറിച്ചു മാത്രം പഠിച്ചാൽ പോരാ, മറിച്ച് അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും ബോധവാന്മാമാരാകണം. എങ്കിൽ മാത്രമേ നാളെ അവരും ഭരണാധികാരികളാകുമ്പോൾ യുദ്ധത്തോട് 'നോ' പറഞ്ഞുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുകയുള്ളൂ. ലോക ചരിത്രത്തിൽ ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും ആവർത്തിക്കാതിരിക്കട്ടെ. യുദ്ധമല്ല സമാധാനമാണ് ശാശ്വതമായ നിലനിൽപ്പിനായുള്ള നന്മയുടെ ആയുധം എന്ന് വിദ്യാഭ്യാസം കൊണ്ട് നമുക്ക് തെളിയിക്കാൻ സാധിക്കട്ടെ.
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions