We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
AUG
1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിലും, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 9-ന് നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബാക്രമണം ലോകചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായമാണ്. വിനാശകരമായ ആ ദുരന്തത്തിന് എട്ട് പതിറ്റാണ്ട് തികയുമ്പോഴും, അണുവികിരണങ്ങൾ ഏൽപ്പിച്ച ആഴത്തിലുള്ള ആഘാതങ്ങൾ പേറി ജീവിക്കുന്ന അവിടുത്തെ പിൻതലമുറക്കാർ വേദനിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ആണവായുധങ്ങൾ വരുത്തിവെച്ച ആ അറ്റമില്ലാത്ത കഷ്ടപ്പാടുകൾ അന്നും ഇന്നും ലോകമനസ്സാക്ഷിയെയാകെ നടുക്കുന്നു. എന്നാൽ ഇന്ന് ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ വെറുമൊരു ദുരന്തസ്മരണ മാത്രമല്ല; ലോകസമാധാനത്തിനായുള്ള ശക്തമായ ഒരു പ്രതിജ്ഞ പുതുക്കൽ കൂടിയാണ്.
ആഭ്യന്തര കലഹങ്ങളും ചെറുതും വലുതുമായ യുദ്ധങ്ങളും കൊണ്ട് ലോകം ഇന്നും ദുരിതങ്ങൾ അനുഭവിക്കുകയാണ്. ഇത്തരം പോരാട്ടങ്ങളുടെ പ്രത്യാഘാതങ്ങൾ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം ഒതുങ്ങാതെ ആഗോളതലത്തിൽ നാമെല്ലാവരും അനുഭവിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, സമാധാനം പുലരുക എന്നത് ഇന്നെല്ലാവരുടെയും വലിയൊരു വെല്ലുവിളിയാണ്. ആണവായുധങ്ങൾ ഇല്ലാത്ത, ഭയരഹിതമായ ഒരു ലോകമാണ് നാം സ്വപ്നം കാണേണ്ടത്.
1964 മുതൽ ഹിരോഷിമയിലെ 'പീസ് മെമ്മോറിയൽ പാർക്കി'ൽ തെളിഞ്ഞുനിൽക്കുന്ന 'സമാധാന ജ്വാല' (Flame of Peace) ഈ ആഗ്രഹത്തിന്റെ പ്രതീകമാണ്. ലോകത്തുനിന്ന് അവസാനത്തെ അണുവായുധവും തുടച്ചുനീക്കപ്പെടുന്ന അന്ന് മാത്രമേ ഈ ജ്വാല അണയ്ക്കൂ എന്നാണ് ലോകം അന്ന് പ്രതിജ്ഞയെടുത്തത്. ആണവായുധമുക്തമായ ഒരു നല്ല നാളേക്കായി സഹനത്തോടെ നിലകൊള്ളാൻ ഈ സമാധാനജ്വാല നമ്മെ ഓർമ്മിപ്പിക്കുന്നു.
സമാധാനം എന്നത് രാഷ്ട്ര തലവന്മാർ തമ്മിൽ മാത്രം ഉണ്ടാക്കേണ്ട ഒന്നല്ല; അത് നമ്മിൽ ഓരോരുത്തരിലും നിന്നാണ് ആരംഭിക്കേണ്ടത്. പ്രത്യേകിച്ച്, നാളത്തെ പൗരന്മാരായ വിദ്യാർത്ഥികൾക്ക് സമാധാനപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിക്കാനുണ്ട്. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് നാം എപ്പോഴും ബോധവാന്മാരായിരിക്കണം; വീണ്ടുമൊരു യുദ്ധം ഉണ്ടാകാതിരിക്കാനാണ് നാം ചരിത്രത്തെ പഠിക്കേണ്ടത്. സഹിക്കാനാവാത്ത വേദനകളെ അതിജീവിച്ച് ലോകസമാധാനത്തിനായി വീണ്ടും ശബ്ദമുയർത്തിയ ഹിരോഷിമയിലെ ജനങ്ങളിൽ നിന്ന് പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് നാം ഉൾക്കൊള്ളണം. തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അക്രമത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് പരിഹരിക്കേണ്ടതെന്ന് നാം തിരിച്ചറിയണം.
നമ്മുടെ ക്ലാസ് മുറികളിലും സമൂഹത്തിലും പരസ്പര സ്നേഹവും സഹകരണവും വളർത്തിയെടുക്കാനും വിദ്വേഷം ഒഴിവാക്കാനും നമുക്ക് സാധിക്കണം. അക്രമവും യുദ്ധവുമില്ലാത്ത, സ്നേഹവും സമാധാനവും നിറഞ്ഞ ഒരു നല്ല നാളേക്ക് വേണ്ടി വിദ്യാർത്ഥികൾ ഒരുമിച്ച് കൈകോർക്കുക. സമാധാനത്തിന്റെ ആ നിത്യജ്വാല, നമ്മിലൂടെ ലോകമെമ്പാടും പടരട്ടെ.
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions