We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
DEC
പ്രിയമുള്ളവരേ,
കാത്തിരിപ്പിന്റെ ഒരു പുണ്യകാലമാണ് ഡിസംബർ. ആനന്ദത്തിന്റെ ചേർത്തുവെയ്ക്കലോടെ ഇതുപോലെ നാം കാത്തിരിക്കുന്ന മറ്റൊരു മാസമില്ല. പുണ്യപൂർണ്ണമായ ഈ മാസത്തിൽ ലോകരക്ഷകനായ ക്രിസ്തുവിന്റെ വരവിന്റെ ഓർമ്മപുതുക്കപ്പെടുമ്പോൾ നൂറ്റാണ്ടുകൾക്കിപ്പുറവും നാം ആനന്ദിക്കുകയാണ്. അതാണ് ക്രിസ്തുമസ് നമുക്ക് നൽകുന്ന വലിയ സന്ദേശവും. സ്നേഹം, ദയ, അനുകമ്പ, ഔദാര്യം എന്നീ മൂല്യങ്ങളിലാണ് ക്രിസ്തുമസിന്റെ ചൈതന്യം സ്ഥിതിചെയ്യുന്നത്. ലോകത്തെമുഴുവൻ ചേർത്തുവെച്ചുകൊണ്ട് നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ മനസ്സിൽ വയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ക്രിസ്തുമസ് നമുക്ക് പകർന്നു നൽകുന്ന ആത്മീയ ചൈതന്യം ഈ ദിനങ്ങളിൽ മാത്രം പ്രകടിപ്പിക്കാനുള്ളതല്ല; മറിച്ച് ജീവിതകാലം മുഴുവൻ അനുവർത്തിക്കേണ്ടതാണ്. യേശു ഈ ലോകത്തിലേയ്ക്ക് വന്നത് നമുക്ക് സ്നേഹത്തിൻ്റെ വഴി കാണിച്ചുതരാനും, ആ സ്നേഹം അനുദിന ജീവിതത്തിൽ ജീവിക്കാൻ നമ്മെ ശക്തരാക്കാനുമാണ്. അതിനാൽത്തന്നെ ക്രിസ്തുമസ് ഒരു ജീവിത രീതിയാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
ജീവിതകാലം മുഴുവനും സ്നേഹിക്കാനും പങ്കിടാനുമുള്ള വലിയ സന്ദേശമാണ് ഈ ദിനം നൽകുന്നത്. ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന ലാളിത്യവും സ്നേഹവും എന്നും ജീവിതത്തോട് ചേർത്തുവെയ്ക്കുമ്പോൾ ഭൂമിയിൽ ദൈവരാജ്യം ജനിക്കുന്നു. ലോകത്തിനു വേണ്ടി ചെറുതാകാൻ അവിടുന്ന് കാണിച്ച സ്നേഹത്തെ അനുസ്മരിക്കുന്ന ഈ ദിനങ്ങളിൽ നമ്മുടെയുള്ളിലെ ഞാനെന്ന ഭാവത്തെ ഇല്ലാതാക്കിക്കൊണ്ട് മറ്റുള്ളവർക്കായി സ്വയം ചെറുതാകാൻ നമുക്ക് പഠിക്കാം. നാം പങ്കിടുന്ന സ്നേഹത്തിലും മറ്റുള്ളവർക്കായി തുറക്കപ്പെടുന്ന നമ്മുടെ ഹൃദയങ്ങളിൽ നിന്നും ശാന്തിയും സമാധാനവും ലോകത്തിൽ നിറയട്ടെ. മറ്റുള്ളവർക്കായി നമ്മുടെ ഹൃദയത്തിന്റെ വാതിൽ തുറന്നുകൊടുക്കാം അങ്ങനെ സ്വർഗ്ഗത്തിന്റെ സ്നേഹത്തുണ്ടുകൾ നമുക്ക് ഭൂമിയിലേയ്ക്ക് കൊണ്ടുവരാം.
"എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും," എന്ന ഏശയ്യാ പ്രവാചകൻ പറഞ്ഞിരിക്കുന്നത്പോലെ, ഈ ക്രിസ്തുമസ് കാലത്ത് സമാധാനത്തിൻ്റെ രാജകുമാരൻ നമ്മുടെ ഹൃദയങ്ങളിൽ ജനിക്കട്ടെ, ക്രിസ്തുമസിൻ്റെ ചൈതന്യം ജീവിതകാലം മുഴുവനും നിലനിർത്താൻ നമുക്ക് പരിശ്രമിക്കാം. ഏവർക്കും ശാന്തിയും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് സ്നേഹപൂർവ്വം ആശംസിക്കുന്നു!
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions