We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
"മനോഹരമായ കെട്ടിടങ്ങളും ചിത്രങ്ങളും പുസ്തകങ്ങളും തീർച്ചയായും നാഗരികതയുടെ അടയാളങ്ങളാണ്. എന്നാൽ അതിലും മികച്ച ഒരു അടയാളം നിസ്വാർത്ഥനും എല്ലാവരുടെയും നന്മയ്ക്കായി മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുന്നവനുമായ ഒരു നല്ല മനുഷ്യനാണ്. ഒറ്റയ്ക്ക് പ്രവർത്തിക്കുന്നതിനേക്കാൾ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്, പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് എല്ലാറ്റിലും നല്ലത്."
ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യ സമരകാലത്ത് തടവറയിൽ അടയ്ക്കപ്പെട്ടപ്പോൾ, പത്തുവയസ്സുകാരിയായ മകൾ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളിലെ ഈ ദർശനം ഏതാനും വരികളിൽ ഒതുങ്ങുന്നതല്ല. കേവലം തന്റെ സ്വന്തം മകൾക്ക് അയച്ച കത്തുകൾ എന്നതിലുപരി ഭാരതത്തിലെ ഓരോ കുട്ടിയ്ക്കുമുള്ള ഓർമ്മപ്പെടുത്തൽ പോലെയാണ് അതിലെ ഓരോ വാക്കുകളും. സ്വന്തം മാത്രം കാര്യം മാത്രം നോക്കാതെ, പൊതുനന്മയ്ക്കായി കൈകോർത്ത് പ്രവർത്തിക്കുന്ന ഒരു നല്ല മനുഷ്യനാണ് ഏതൊരു സമൂഹത്തിന്റെയും യഥാർത്ഥ കരുത്ത് എന്ന തിരിച്ചറിവ് അദ്ദേഹം നമ്മുടെ കുരുന്നുകളിലേക്ക് പകർന്നു നൽകി.
കുട്ടികളോടുള്ള നെഹ്റുവിന്റെ സ്നേഹം വെറുമൊരു പ്രതീകാത്മകതയായിരുന്നില്ല; അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകളിലും അനുഭവങ്ങളിലും ആഴത്തിൽ വേരൂന്നിയതായിരുന്നു. 1889 നവംബർ 14-ന് ജനിച്ച അദ്ദേഹം, കുട്ടികളിൽ പുതിയ ഇന്ത്യയുടെ ശിൽപികളെയും പുരോഗതിയുടെ ദീപമേന്തുന്നവരെയും കണ്ടു. കുട്ടികൾ വെറുമൊരു വിദ്യാർത്ഥികൾ മാത്രമല്ല, രാജ്യനിർമ്മാണ പ്രക്രിയയിലെ സജീവ പങ്കാളികളാണെന്ന് അദ്ദേഹം വിശ്വസിച്ചു.
പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം സർഗ്ഗാത്മകതയും, വിമർശനാത്മക ചിന്തയും, ശാസ്ത്രീയ മനോഭാവവും, സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്ന സമഗ്രമായ ഒരു വിദ്യാഭ്യാസരീതിയാണ് കുട്ടികൾക്ക് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമ്പന്നരെന്നോ ദരിദ്രരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ അദ്ദേഹം പരിശ്രമിച്ചു.
അതുകൊണ്ടാണ് നവംബർ 14 കേവലം ഒരു ഓർമ്മപ്പെടുത്തൽ ദിവസമല്ല, അതൊരു പ്രവർത്തനത്തിനുള്ള ആഹ്വാനമായി മാറുന്നത്. കുട്ടികൾക്ക് വളരാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അനുയോജ്യമായ ഒരു ചുറ്റുപാട് ഒരുക്കുന്നതിന് രാജ്യം എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. 'ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യ' എന്ന നെഹ്റുവിന്റെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് നമുക്ക് ഈ ശിശുദിനം ആഘോഷിക്കാം. കുട്ടികൾ വെറുമൊരു നിരീക്ഷകരല്ല; ഭാവി ഇന്ത്യയുടെ ശില്പികളാണ്. അവരുടെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും ചിറകുകൾ നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരു നല്ല നാളേക്ക് വേണ്ടി നമ്മുടെ കുട്ടികളെ സ്നേഹത്തോടും കരുതലോടും കൂടെ ചേർത്തുപിടിക്കാം; അവരുടെ കുഞ്ഞുസ്വപ്നങ്ങൾക്ക് വഴികാട്ടിയാകാം.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ എല്ലാ വിദ്യാലയങ്ങളിലെയും കുരുന്നുകൾക്ക് ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ!
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions