We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUL
"ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്.’
ഗാന്ധിജി എന്തു സാധനമാണെന്നറിയാത്ത എന്റെ മാതാവ് പേടിച്ച് അമ്പരന്നുപോയി. ‘ഹോ.. എന്റെ മകനേ!...’ അമ്മ തുറന്ന വായയോടെ എന്നെ നോക്കി. -(ഓർമക്കുറിപ്പുകൾ കഥാസമാഹാരത്തിലെ ‘അമ്മ’ എന്ന കഥയിൽനിന്ന്)
ഹാസ്യം കൊണ്ട് വായനക്കാരെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്ന് 31 വർഷം തികയുകയാണ്. വിയോഗത്തിനും മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷവും ഇത്രത്തോളം വായിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു സാഹിത്യകാരൻ മലയാളത്തിൽ വേറെയില്ലെന്നു നമുക്കറിയാം. സാഹിത്യകാരൻ എന്നതോടൊപ്പം തന്നെ ബഷീറിനെ നാം ഓർമ്മിക്കുക ഒരു സ്വാതന്ത്ര്യ സമര സേനാനിയായും മാനവികതാവാദിയായുമൊക്കെയാണ്. സാഹിത്യത്തിൽ ബഷീറിയനിസം എന്ന ഒരു പ്രത്യേക ശാഖതന്നെ അദ്ദേഹത്തിന്റെ വ്യത്യസ്തമാർന്ന എഴുത്തുകൾക്കൊണ്ട് അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.
ലളിത ഭാഷയും സുന്ദരമായ പ്രയോഗങ്ങളും കൊണ്ട് മലയാള സാഹിത്യത്തെ എക്കാലവും കാണാത്ത രീതിയിലുള്ള പുതിയൊരു ശൈലിയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. സാഹിത്യം എന്നത് അല്പം ഉയർന്ന തലത്തിലുള്ളവർക്കാണെന്ന ചിന്താധാരയിൽ നിന്നും പുറത്തുകടന്ന് സ്വതന്ത്രമായ ഭാഷാ പ്രയോഗം കൊണ്ട് രചനകളെ ഏറ്റവും സാധാരണക്കാരിലേക്ക് എത്തിച്ച എഴുത്തുകാരനാണ് അദ്ദേഹം. നമ്മുടെ കണ്മുന്നിൽ ജീവിക്കുന്ന മനുഷ്യരെ തന്നെ തന്റെ രചനകളിലെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് ബഷീർ എന്ന എഴുത്തുകാരൻ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിപ്പിക്കുകയും ചെയ്തു.
എന്തുകൊണ്ട് എഴുത്തുകാരനായതെന്നു തന്റേതായ ശൈലിയിൽ ബഷീർ പറഞ്ഞിട്ടുണ്ട്: ‘കുഴിമടിയന്മാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞ് ആലോചിച്ചപ്പോൾ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി, സാഹിത്യം. എഴുത്തുകാരനാകുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി’.
'ഒന്നും ഒന്നും എത്രയാണെടാ?’ എന്ന് ക്ലാസിൽ അധ്യാപകൻ ചോദിച്ചപ്പോൾ മജീദ് ഒന്നാലോചിച്ചു. ‘രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചുചേരുമ്പോൾ കുറച്ചുകൂടി വണ്ണം വച്ച ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു: ‘ഉമ്മിണി വല്യ ഒന്ന്’. ഭാഷയ്ക്കും വാക്കുകൾക്കും അതിർവരമ്പുകളും നിയന്ത്രണങ്ങളുമില്ലെന്നു കാണിച്ചു തന്ന ബഷീർ തന്നെപ്പോലെ തന്നെ തന്റെ നൂറുകണക്കിന് കഥാപാത്രങ്ങളെയും അനശ്വരരാക്കി.
സാധാരണ ജീവിതത്തിലെ വൈവിധ്യങ്ങൾ സാഹിത്യത്തിലേക്ക് ഇത്രമാത്രം ചേർത്തു വെച്ച മറ്റൊരു എഴുത്തുകാരനെ മലയാള സാഹിത്യത്തിൽ മാത്രമല്ല ലോക സാഹിത്യത്തിൽ പോലും നമുക്ക് കാണാൻ സാധിക്കില്ല. സാധാരക്കാരന്റെ ഭാഷയിൽ അതിസാധാരണത്വത്തോടെ വായനക്കാരനെ സാഹിത്യത്തിലേയ്ക്കും വായനയിലേയ്ക്കും അവരറിയാതെ വലിച്ചടുപ്പിക്കുന്ന മാസ്മരികതയായിരുന്നു ബഷീറിന്റെ എഴുത്തിലൂടെ തെളിവായത്.
"ച്ചിരിപ്പിടിയോളം ബുദ്ധിവച്ച് ആലോചിച്ചു നോക്കുമ്പോൾ അത്ഭുതകരവും സുന്ദരവും ഗംഭീരവുമായ മഹാ സംഭവകമാകുന്നു ജീവിതം," എന്ന തത്വ ചിന്തയും "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ബല്യ ഒരു കൊമ്പനാന..." എന്ന കഥാ കഥനവും ഒരേ തൂലികയിൽ പിറക്കുമ്പോൾ 'കുന്ത്രാപ്പി ബുസോട്ട', 'ചപ്ലാച്ചി', 'ഗഡാ ഗഡിയൻ', 'പുളുങ്കൂസ്' തുടങ്ങിയ അർത്ഥമില്ലാത്ത വാക്കുകൾക്ക് പോലും ആർക്കും ഒരു ശങ്കയുണ്ടാകാത്ത രീതിയിൽ തന്റെ മുപ്പതിലധികം കൃതികളിലൂടെ അദ്ദേഹം വായനക്കാർക്ക് കൈമാറി.
പൂച്ചയും ആടും പാമ്പും മുതൽ 'വിശ്വ വിഖ്യാതമായ' മൂക്ക് വരെ ബഷീറിന്റെ രചനകളിലെ നായകനും നായികയുമായി. അതുപോലെതന്നെ 'ഭൂമിയുടെ അവകാശികൾ' എന്ന ഒറ്റ കഥകൊണ്ട് 'വസുധൈവ കുടുംബകം' എന്ന ബൃഹത്തായ ആശയത്തെ അദ്ദേഹം മലയാളിക്ക് മനസ്സിലാക്കികൊടുത്തു.
തന്റെ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറ്റവും ലളിതമായി മാങ്കോസ്റ്റിൻ മരച്ചുവട്ടിലെ മരത്തിന്റെ ചാരുകസേരയിൽ ഗ്രാമഫോണിൽ സൈഗാളിന്റെയും പങ്കജ്‌മല്ലിക്കിന്റെയും ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന 'ബേപ്പൂർ സുൽത്താന്റെ' മനോഹര ചിത്രം മലയാളിയും വായനയും ഉള്ളിടത്തോളം കാലം വരെയും നിലനിൽക്കുമെന്നതിൽ സംശയമില്ല. ജീവിതത്തിലൊരിക്കൽ ഒരു ബഷീർ കൃതിയെങ്കിലും വായിക്കാനിടയായാൽ വായനയുടെ ലോകത്തു നിന്ന് മരണം വരെയും പുറത്തു ചാടാൻ ആർക്കും സാധിക്കില്ല. വായനയെ ജനകീയമാക്കിയ 'ലളിതഭാഷയുടെ രാജാവി'ന്റെ ഓർമ്മ ദിനത്തിൽ, മലയാള കഥയുടെ 'സുൽത്താന്' മാനന്തവാടി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ പ്രണാമം!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions