We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
വഴിത്താരകള്‍
ആയിരത്തിത്തൊള്ളായിരത്തി അമ്പത് കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്നും തിരുക്കൊച്ചിയിൽ നിന്നും വയനാട്ടിലേക്ക് ജനങ്ങൾ കുടിയേറിത്തുടങ്ങിയിരുന്നു. കേരളത്തിലെ ഇതര ജില്ലകളിൽനിന്നും തികച്ചും ദയനീയവും വ്യത്യസ്തവുമായിരുന്നു വയനാടിന്റെ അവസ്ഥ. എങ്കിലും നിലനില്പിനുവേണ്ടി കാടിനോടും കാട്ടുമൃഗങ്ങളോടും പകർച്ചവ്യാധികളോടും പടവെട്ടി പൊന്നുവിളയിക്കാൻ പുതുമണ്ണന്വേഷിച്ചിറങ്ങിയവർക്ക് പള്ളിയും പള്ളിക്കൂടവും റോഡും ആശുപത്രിയുമെല്ലാം അനിവാര്യമായിരുന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി കാടിനോട് ചേർന്ന് കിടക്കുന്ന കൊച്ചുഗ്രാമമായ പഴൂരിൽ 1957 ജൂൺ 13 ന് അറിവിന്റെവെള്ളി വെളിച്ചം പകർന്നു നൽകുന്നതിനായി ഒരു എൽ. പി. സ്‌കൂൾ സ്ഥാപിതമായി. ഒരു ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരവും പ്രചോദനവും ആവേശവുമായിരുന്നു പഴൂർ സെന്റ് ആന്റണീസ് എന്ന സരസ്വതീക്ഷേത്രം. 1955 -ൽ അന്നത്തെ മലബാർ കളക്ടർ പള്ളിക്കും പള്ളിക്കൂടത്തിനും വേണ്ടി അനുവദിച്ച സ്ഥലത്ത് ദീർഘദര്‍ശിയായ സർഗീസച്ചനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിടുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപകൻ യശശ്ശരീരനായ ശ്രീ. രാമൻ നമ്പീശൻ സാറായിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. എ. സി. കുര്യൻസാറും. ഒരു സമൂഹത്തിന്റെ മുഴുവൻ ഉന്നമനവും ഭാവിയും ആഗ്രഹിച്ച് പൂർവികർ നടത്തിയ നിസ്വാർത്ഥ പ്രയത്നത്തിന്റെ വിജയകിരീടമാണ് ഈ വിദ്യാലയം.
1967-ലാണ് ഇടവകയ്ക്ക് സ്വന്തമായി ഒരു വൈദികനെ ലഭിക്കുന്നത്. അതുവരെ ബത്തേരി പള്ളിയുടെ വികാരിയായിരുന്നു ഈ സ്കൂളിന്റെ മാനേജർ. പരേതരായ ജോസഫ് മഞ്ചുവള്ളി അച്ചന്റെയും അന്ത്രയോസ് സാറിനെയും മറ്റ് ഇടവകാംഗങ്ങളുടെയും പരിശ്രമഫലമായി 1983-84 അക്കാദമിക വർഷത്തിൽ പഴൂര്‍ സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. ആ വർഷം ഇവിടെ 10 ഡിവിഷനുകളും 299 കുട്ടികളും 14 അധ്യാപകരും ഉണ്ടായിരുന്നു. 1985-86 വർഷത്തിൽ പൂർണ്ണമായും യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. 1986 മാർച്ച് മാസത്തിൽ ആദ്യ ഏഴാംക്ലാസ് ബാച്ചിലെ 48 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി വിദ്യാലയത്തോട് യാത്ര പറഞ്ഞു. 2012-13 കാലഘട്ടത്തിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. എൽ. പി വിഭാഗത്തില്‍ എട്ട് ഡിവിഷനുകളിലും യു.പി. വിഭാഗത്തില്‍ 11ഡിവിഷനുകളിലുമായി 673 കുട്ടികള്‍ 2023-24 അധ്യയനവര്‍ഷത്തില്‍ പഠനം നടത്തിവരുന്നു. നിലവില്‍ ഹെഡ്മാസ്റ്റര്‍, 22 എല്‍. പി- യു. പി. അദ്ധ്യാപകര്‍, ഒരു ഓഫീസ് അറ്റന്റന്റ്, ഒരു കമ്പൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, മെന്റര്‍ ടീച്ചര്‍ എന്നിവര്‍ സ്കൂളില്‍ സേവനം ചെയ്യുന്നു. കൂടാതെ പ്രീ- പ്രൈമറി വിഭാഗത്തിൽ 67 കുട്ടികളും 2 ടീച്ചേഴ്സും ഒരു ഹെല്‍പ്പറും ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് 2 ചേച്ചിമാര്‍ സഹായിക്കുന്നുണ്ട്.
1957സ്കൂൾ ആരംഭിച്ചപ്പോൾ സ്കൂൾ പ്രവേശന രജിസ്റ്ററിൽ ഒന്നാം ക്ലാസിലെ പ്രഥമ നമ്പറുകാരൻ വെട്ടിക്കാട്ടിൽ കുര്യാക്കോസ് ആയിരുന്നു. അദ്ദേഹം അർബൻ ബാങ്കിൽ നിന്നും ജനറൽ മാനേജർ പദവിയില്‍ ഇപ്പോൾ വിരമിച്ചിരിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച വളർന്നുവലുതായി സാമൂഹിക- സാംസ്കാരിക- ഔദ്യോഗിക മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തിത്വങ്ങളുണ്ട്. കായികരംഗത്തും മികച്ച സംഭാവനകൾ നൽകാൻ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിൽ തന്നെയായിരുന്നു. ഇപ്പോഴും ആ നേട്ടങ്ങൾ നിലനിർത്തുവാൻ നമുക്ക് സാധിക്കുന്നുമുണ്ട്. സംസ്ഥാനത്ത്, പ്രൈമറി തലത്തിൽ ഏറ്റവും നല്ല സയൻസ് ക്ലബ്ബിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയതും സി-ഡിറ്റ് സംസ്ഥാനതലത്തിൽ നടത്തിയ ഹരിതവിദ്യാലയം പ്രോഗ്രാമിൽ 92 ശതമാനം മാർക്ക് വാങ്ങി ഒരു ലക്ഷം രൂപയുടെ ഐ.ടി. ഉപകരണങ്ങൾ കരസ്ഥമാക്കിയതും മുൻകാലങ്ങളിൽ സ്കൂൾ കൈവരിച്ച വലിയ മികവുകളിൽ ചിലതുമാത്രമാണ്.സീഡ്, നല്ലപാഠം, നന്മ തുടങ്ങിയ അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ വിജയങ്ങൾ പഴൂർ സ്‌കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. മാതൃഭൂമി 'നന്മ', 'സീഡ്', മലയാളമനോരമ 'നല്ലപാഠം' എന്നിവയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച വിദ്യാലയമായി പഴൂർ സ്‌കൂൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019- 2020 അധ്യയന വർഷത്തിൽ യു. പി. തലത്തിൽ വയനാട് ജില്ലാ കലാകിരീടം നേടാനായത് സുവർണ്ണ നേട്ടമാണ്. ഒപ്പം ശാസ്ത്ര- സാമൂഹ്യശാസ്ത്ര മേളയിലും പ്രവര്‍ത്തിപരിചയ മേളയിലും സംസ്ഥാനതലത്തില്‍വരെ എത്തി സമ്മാനിതരാകാന്‍ പഴൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതുണ്ട്.
പൂർവികർ നീട്ടിത്തന്ന ദീപശിഖ പൂർണ്ണ തേജസ്സോടെ, അണയാതെ കാത്തു സൂക്ഷിക്കാനാവുന്നത് കാലാകാലങ്ങളിൽ വന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർതൃ സമിതിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട് മാത്രമാണ്. ഇന്ന് നമ്മുടെ വിദ്യാലയം പരാധീനതകളെ ഒരു പരിധിവരെ മറികടന്നിരിക്കുന്നു. നല്ല കെട്ടിടങ്ങള്‍, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, നല്ലൊരു ലൈബ്രറി, ടോയ് ലെറ്റ് സൗകര്യങ്ങള്‍, പാചകപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സാധ്യമായത് പഴൂരിനെ കൂടുതൽ മികവുറ്റതാക്കി തീർക്കുന്നു. കൂട്ടായ്മയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി പരിമിതികളെ മറികടന്ന് വളർന്നുവന്ന ഒരു മാതൃകാ സ്ഥാപനമായി, പഴൂരിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന അടയാളമായി സെന്റ് ആന്റണീസ് യു. പി. സ്കൂൾ നിലകൊള്ളുന്നു.
സ്ഥാപിതം | 1957 |
സ്കൂൾ കോഡ് | 15371 |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 282 |
ആകെ വിദ്യാർത്ഥികൾ | 593 |
ആകെ അധ്യാപകർ | 23 |
മാനേജർ | Fr. Jose Mecheril |
പ്രധാന അദ്ധ്യാപകൻ | Mr. Johnson K G |
പി.ടി.ഏ. പ്രസിഡണ്ട് | Mr. BALAKRISHNAN |
Schoolwiki | https://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%A3%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%B4%E0%B5%82%E0%B5%BC |