We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
SEP
പ്രിയമുള്ളവരേ,
മലയാളികൾ ഹൃദയത്തോടു ചേർത്തുവെയ്ക്കുന്ന ഒരുമയുടെ മറ്റൊരു വാക്കാണ് ഓണം. ഓണവുമായി നിരവധി ഐതിഹ്യങ്ങളുണ്ടെങ്കിലും വർഷത്തിലൊരിക്കൽ മഹാബലി തന്റെ പ്രജകളെ സന്ദർശിക്കാൻ വരുന്ന കഥയാണ് ഏറ്റവും പ്രചാരത്തിലുള്ളത്. ജാതിമത ഭേദമന്യേ ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഓണം പോലെ മറ്റൊരു ഉത്സവം ലോകത്തു തന്നെ വിരളമാണ്. അതുകൊണ്ട് തന്നെ അനന്യ സാധാരണമായ ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാകുന്നു.
കർക്കിടകത്തിന്റെ പരാധീനതകൾക്കു ശേഷം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകൾക്ക് തുടക്കമിടുന്ന ചിങ്ങമാസത്തിലാണ് ഓണം എന്ന പ്രത്യേകതയുമുണ്ട്. വിളവെടുപ്പിന്റെ ആരംഭ ദിനത്തിലെ ഈ ഉത്സവത്തെ ഒരു നാടുമുഴുവൻ ആഘോഷമാക്കുമ്പോൾ ഒരുമയുടെ വലിയ സന്ദേശമാണ് നൽകപ്പെടുന്നത്. കാഴ്ചയ്ക്കും കേൾവിയ്ക്കുമപ്പുറം ഹൃദയം കൊണ്ട് ഒന്ന് ചേരുന്ന ഓണമെന്ന വലിയ വികാരത്തെ എക്കാലവും മലയാളികൾ ജീവിതത്തോട് ചേർത്തു വെയ്ക്കുമെന്നതിൽ സംശയമില്ല. നമ്മുടെ സംസ്കാരവും ഒരുമയും സന്തോഷവുമെല്ലാം ഓണത്തോട് ബന്ധപ്പെട്ടു നിൽക്കുമ്പോൾ നാമെല്ലാം ഒന്നാണ് എന്ന ബോധ്യം മനസ്സിലുറയ്ക്കുന്നു.
ഓണപ്പൂക്കളും ഓണപ്പാട്ടും ഓണക്കളികളും ഓണക്കോടിയും ഓണസദ്യയും എല്ലാം ജീവിതത്തിന്റെ ഭാഗമായി ചേർത്തു വെയ്ക്കുമ്പോഴും അതിജീവനത്തിന്റെ ഓണ നാളുകൾ പലവട്ടം നമ്മൾ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. പ്രളയകാലഘട്ടം മുതൽ കോവിഡ് മഹാമാരിയും നമ്മുടെ നാടിനെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടൽ വരെയും നാം അതിജീവിച്ചു. മുണ്ടക്കൈ പ്രദേശത്തെ നമ്മുടെ പ്രിയപ്പെട്ടവരെ ഓണനാളുകളിൽ നമ്മുടെ ഹൃദയത്തോട് ചേർത്തു നിർത്താം. ഒരുമയുടെയും സ്നേഹത്തിന്റെയും വലിയൊരു കൂട്ടായ്മ്മ ദുരന്ത നാളുകളിൽ നാം കണ്ടു. ആഘോഷങ്ങളിൽ മാത്രമല്ല വേദനയിലും ഒരുമിച്ചു നിൽക്കുന്ന നമ്മുടെ ഓണവും കൂട്ടായ്മ്മയിലൂടെ സ്നേഹം പങ്കുവെയ്ക്കുന്നതാകട്ടെ. വേദനകളുടെ നാളുകൾക്ക് അറുതിയായിട്ടില്ലെങ്കിലും എല്ലാത്തിനും ഒരു 'അനന്തരം' ഉണ്ടെന്ന പ്രതീക്ഷ ഈ ഓണനാളുകൾ എല്ലാവർക്കും നൽകട്ടെ. എല്ലാ ദുരന്തങ്ങളുടെയും അനന്തരം പ്രതീക്ഷയാകട്ടെ...എല്ലാ വേദനകളുടെയും അനന്തരം സ്നേഹമാകട്ടെ...എല്ലാ ദുരിതങ്ങളുടെയും അനന്തരം ആനന്ദമാകട്ടെ...എല്ലാ മുറിവുകളുടെയും അനന്തരം സൗഖ്യമാകട്ടെ...ലോകാഃ സമസ്താഃ സുഖിനോ ഭവന്തു. ഒരുമയുടെ ഒരോണം കൂടി നമുക്ക് ലഭിക്കുമ്പോൾ എക്കാലവും ഓർമ്മിക്കാനുള്ള നന്മ നമ്മുടെ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ.
നന്മയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊൻതൂവലിൽ നെയ്തെടുത്ത ഒരായിരം ഓണാശംസകൾ...!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ