We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
AUG
പ്രിയമുള്ളവരേ,
മനുഷ്യരാശിയുടെ നിലനില്പിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനം കൃഷിയാണ്. നദീതട സംസ്കാരം രൂപംകൊണ്ടതുപോലും മനുഷ്യർ കൃഷി ചെയ്യാൻ പഠിക്കുകയും ശീലിക്കുകയും ചെയ്തതിനാലാണ്. അതുകൊണ്ടുതന്നെ മനുഷ്യ വംശത്തെ സമൂഹ ജീവിയാക്കിമാറ്റിയതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കൃഷി. അന്നുമുതലിന്നോളം ഉരുത്തിരിഞ്ഞ എല്ലാ വികസനത്തിന്റേയും നാഴികക്കല്ലായി നിൽക്കുന്നത് കൃഷിയാണ്. കേരളം ഒരു കാർഷിക സംസ്ഥാനമായി അറിയപ്പെടുന്നത് പോലും ഈ നാട് പൂർണ്ണമായും കൃഷിയെ ആശ്രയിച്ച് മുൻപോട്ട് വന്നതിനാലാണ്. ഞാറ്റുവേലയെ അടിസ്ഥാനപ്പെടുത്തി നമുക്കൊരു കാർഷിക പൈതൃകം ഉണ്ടായിരുന്നു. വിഷു മുതൽ ആരംഭിക്കുന്ന നമ്മുടെ കാർഷിക വർഷം മുൻപോട്ട് പോകുന്നത് ഞാറ്റുവേല കലണ്ടർ അനുസരിച്ചാണ്. 27 നക്ഷത്രങ്ങളുടെ പേരിലറിയപ്പെടുന്ന 27 ഞാറ്റുവേലകൾ. സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്ന കാലമാണ് ഞാറ്റുവേല, പതിമൂന്നര ദിവസമാണ് ഒരു ഞാറ്റുവേലക്കാലം. ഓരോ ഞാറ്റുവേലക്കാലമനുസരിച്ചും കർഷകർ വിളവിറക്കി. രോഹിണിയിൽ പയർ, തിരുവാതിരയിൽ കുരുമുളക്, അത്തത്തിൽ വാഴ അങ്ങനെപോകുന്നു നമ്മുടെ കൃഷികൾ.
നമ്മുടെ നാട്ടിലെ കുരുമുളകിന്റെ വിളവ് കണ്ടിട്ട് പോർച്ചുഗീസുകാർ കുരുമുളക് കൊടി (തൈ) അവരുടെ നാട്ടിലേക്ക് കൊണ്ട്പോകാനൊരുങ്ങി. അതുകണ്ട് നമ്മുടെ പ്രധാന വരുമാനമാർഗ്ഗം നിന്നുപോകുമോ എന്ന് ഭയന്ന മന്ത്രിയോട് ‘കുരുമുളക് കൊടിയല്ലേ അവർക്ക് കൊണ്ടുപോകാൻ പറ്റുകയുള്ളു, ഞാറ്റുവേല കൊണ്ട് പോകാൻ പറ്റില്ലല്ലോ’ എന്ന് പണ്ടു സാമൂതിരി രാജാവ് പറഞ്ഞതായ കഥ നാം കേട്ടിട്ടുണ്ട്. ഞാറ്റുവേലയെന്നത് കാലാവസ്ഥാ പഠനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മലയാള തിട്ടപ്പെടുത്തലായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ കാലം മാറി; കാലാവസ്ഥയും. കൃഷിയെ ജീവവായുവായി കണ്ടിരുന്ന ഒരു തലമുറയും അതോടൊപ്പം അന്യം നിന്നുപോയി. എന്നാൽ കൃഷിയെ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തിയാൽ ജീവിതം അവസാനിപ്പിക്കുന്നതിനു തുല്യമാണെന്ന് മനസ്സിലാക്കാൻ നാം ഏറെ വൈകിപ്പോയി. കാർഷിക അറിവുകൾ അന്വേഷിച്ചറിയുന്ന ഒരു യുവ തലമുറയെ വാർത്തെടുക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നുമാണ്. നമ്മുടെ കുഞ്ഞുങ്ങൾ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും ശാസ്ത്രജ്ഞരും ആകുന്നത് നല്ലതുതന്നെ. എങ്കിലും എന്തുകൊണ്ട് ഇവർക്കൊക്കെയും കർഷകരായ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും ശാസ്ത്രജ്ഞരും ആയിക്കൂടാ!
നമ്മുടെ വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം കാർഷിക ചിന്തകളും അഭിനിവേശവും വളർത്തിയെടുക്കണം. കൃഷിയാണ് നമ്മുടെ നിലനിൽപ്പിന്റെ ആധാരമെന്നും എത്ര വലിയവരായാലും നാം കൃഷിയെയും അതിന്റെ പ്രാധാന്യത്തെയും മറക്കരുതെന്നും നമ്മുടെ കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കണം. അതിനായി പ്രായോഗികമായി അവരെ അതിനു യോഗ്യരാക്കാൻ നമ്മുടെ വിദ്യാലയങ്ങളിൽ കർമ്മ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വിദ്യാലയ അങ്കണങ്ങൾ ഇനി കാർഷിക പാഠശാലകൾ കൂടിയാകട്ടെ. അതുവഴി മണ്ണിനെ അറിയുന്ന, മണ്ണ് കാക്കുന്നവരായി മാറുന്ന ഒരു തലമുറയെ വളർത്തിയെടുക്കാം. നാളെയുടെ നിലനിപ്പിന്റെ കതിര് കാക്കാൻ നമ്മുടെ കുട്ടിക്കർഷകർക്ക് സാധിക്കട്ടെ. എല്ലാ കർഷകർക്കും ആദരവും നന്ദിയും...
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ