We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUL
ആ അർദ്ധനഗ്നനായ ഫക്കീർ രണ്ടു പല്ലു പോയ മോണ കാണിച്ചു ചിരിച്ചുകൊണ്ടു തൊഴുകൈയോടെ കരയ്ക്കിറങ്ങി. വല്ലാത്ത ആരവം. തുറന്ന കാറിൽ അദ്ദേഹം മെല്ലെ കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കാർ, സത്യാഗ്രഹാശ്രമത്തിലേക്കു പതുക്കെ നീങ്ങി. വിദ്യാർത്ഥികളിൽ പലരും കാറിന്റെ സൈഡിൽ തൂങ്ങിനിന്നു; അക്കൂട്ടത്തിൽ ഞാനും. ആ ബഹളത്തിനിടയ്ക്ക് എനിക്കൊരാഗ്രഹം! ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്നു തൊടണം! ഒന്നു തൊട്ടില്ലെങ്കിൽ ഞാൻ മരിച്ചുവീണു പോകുമെന്നെനിക്കു തോന്നി. ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്. ആരെങ്കിലും കണ്ടാലോ? എനിക്കു ഭയവും പരിഭ്രമവും ഉണ്ടായി. എല്ലാം മറന്നു ഞാൻ ഗാന്ധിജിയുടെ വലതുതോളിൽ പതുക്കെ ഒന്നു തൊട്ടു! വീഴാൻ പോയതിനാൽ കൈത്തണ്ടിൽ പിടിച്ചു. മസിലിനു ബലമില്ല. പിളുപിളിപ്പ്! ഗാന്ധിജി എന്നെ നോക്കി മന്ദഹസിച്ചു.
അന്നു സന്ധ്യയ്ക്കു വീട്ടിൽ ചെന്ന് അമ്മയോട് അഭിമാനത്തോടെ ഞാൻ പറഞ്ഞു: ‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്.’
ഗാന്ധിജി എന്തു സാധനമാണെന്നറിയാത്ത എന്റെ മാതാവു പേടിച്ച് അമ്പരന്നുപോയി. ‘ഹോ.. എന്റെ മകനേ!...’ അമ്മ തുറന്ന വായയോടെ എന്നെ നോക്കി. -(ഓർമക്കുറിപ്പുകൾ കഥാസമാഹാരത്തിലെ ‘അമ്മ’ എന്ന കഥയിൽനിന്ന്)
ഹാസ്യം കൊണ്ട് വായനക്കാരെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്ന് 30 വർഷം തികയുകയാണ്. വിയോഗത്തിനും മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷവും ഇത്രത്തോളം വായിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു സാഹിത്യകാരൻ മലയാളത്തിൽ വേറെയില്ലെന്നു നമുക്കറിയാം. സാഹിത്യകാരൻ എന്നതിനോടൊപ്പം തന്നെ ബഷീറിനെ നാം ഓർമ്മിക്കുക ഒരു സ്വാതന്ത്ര്യ സമര സേനാനിയായും മാനവികതാവാദിയായുമൊക്കെയാണ്. സാഹിത്യത്തിൽ ബഷീറിയനിസം എന്ന ഒരു പ്രത്യേക ശാഖതന്നെ അദ്ദേഹത്തിന്റെ വ്യത്യസ്തമാർന്ന എഴുത്തുകൾക്കൊണ്ട് അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.
അക്കാലത്ത് നിലനിന്നിരുന്ന സമൂഹത്തിലെയും സാഹിത്യത്തിലേയും പരമ്പരാഗതമായ നായികാ- നായക സങ്കല്പ്പങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ കഥയായ "തങ്കം" പുറത്തിറങ്ങിയത്. കറുത്തിരുണ്ട്, വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനുമായപ്പോൾ ബഷീറിയനിസത്തിന്റെയും സാമൂഹിക പരിവർത്തനത്തിന്റെയും ആദ്യ പാഠങ്ങൾക്ക് അവിടെ തുടക്കം കുറിക്കുകയായിരുന്നു. സാധാരണ ജീവിതത്തിലെ വൈവിധ്യങ്ങൾ സാഹിത്യത്തിലേക്ക് ഇത്രമാത്രം ചേർത്തു വെച്ച മറ്റൊരു എഴുത്തുകാരനെ മലയാള സാഹിത്യത്തിൽ മാത്രമല്ല ലോക സാഹിത്യത്തിൽ പോലും നമുക്ക് കാണാൻ സാധിക്കില്ല. സാധാരക്കാരന്റെ ഭാഷയിൽ അതിസാധാരണത്വത്തോടെ വായനക്കാരനെ സാഹിത്യത്തിലേയ്ക്കും വായനയിലേയ്ക്കും അവരറിയാതെ വലിച്ചടുപ്പിക്കുന്ന മാസ്മരികതയായിരുന്നു ബഷീറിന്റെ എഴുത്തിലൂടെ തെളിവായത്.
"ച്ചിരിപ്പിടിയോളം ബുദ്ധിവച്ച് ആലോചിച്ചു നോക്കുമ്പോൾ അത്ഭുതകരവും സുന്ദരവും ഗംഭീരവുമായ മഹാ സംഭവകമാകുന്നു ജീവിതം," എന്ന തത്വ ചിന്തയും "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ബല്യ ഒരു കൊമ്പനാന..." എന്ന കഥാ കഥനവും ഒരേ തൂലികയിൽ പിറക്കുമ്പോൾ 'കുന്ത്രാപ്പി ബുസോട്ട', 'ചപ്ലാച്ചി', 'ഗഡാ ഗഡിയൻ', 'പുളുങ്കൂസ്' തുടങ്ങിയ അർത്ഥമില്ലാത്ത വാക്കുകൾക്ക് പോലും ആർക്കും ഒരു ശങ്കയുണ്ടാകാത്ത രീതിയിൽ തന്റെ കൃതികളിലൂടെ അദ്ദേഹം വായനക്കാർക്ക് കൈമാറി. ഭാഷയെ ആശയ വിനിമയത്തിനായി ഉപയോഗിക്കുമ്പോൾ പ്രാദേശികതയെ അങ്ങേയറ്റം ഉയർത്തിപ്പിടിച്ച അദ്ദേഹം, "മാതാവേ, അല്പം ശുദ്ധ ജലം തന്നാലും" എന്ന് അബ്ദുൽ ഖാദറിനെക്കൊണ്ട് പറയിപ്പിച്ചപ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ അതിർവരമ്പുകളിൽ തന്റെ സ്വത സിദ്ധമായ ശൈലികൊണ്ട് വെന്നിക്കൊടി പാറിച്ചു. 'തങ്കം', 'പ്രഭ' എന്നീ തൂലികാ നാമങ്ങളിൽ തീപ്പൊരി ലേഖനങ്ങൾ എഴുതിയ അദ്ദേഹം രാകി മിനുക്കിയ അക്ഷരങ്ങളെയും പദം വരുത്തിയ ഭാഷാശുദ്ധിയേയും വരുതിയിൽ നിർത്താമെന്നു മലയാളത്തിന് തെളിവാക്കികൊടുത്തു.
പൂച്ചയും ആടും പാമ്പും മുതൽ 'വിശ്വ വിഖ്യാതമായ' മൂക്ക് വരെ ബഷീറിന്റെ രചനകൾക്ക് ജീവൻ കൊടുത്തു; അതിനേക്കാളുപരി, വസുധൈവ കുടുംബകം എന്ന ബൃഹത്തായ ആശയത്തെ 'ഭൂമിയുടെ അവകാശികൾ' എന്ന ലളിത പ്രയോഗം കൊണ്ട് മലയാളിക്ക് മനസ്സിലാക്കികൊടുത്തു എന്ന് വേണം മനസ്സിലാക്കാൻ.
തന്റെ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറ്റവും ലളിതമായി മാങ്കോസ്റ്റിൻ മരച്ചുവട്ടിലെ മരത്തിന്റെ ചാരുകസേരയിൽ ഗ്രാമഫോണിൽ സൈഗാളിന്റെയും പങ്കജ്‌മല്ലിക്കിന്റെയും ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന 'ബേപ്പൂർ സുൽത്താന്റെ' മനോഹര ചിത്രം മലയാളിയും വായനയും ഉള്ളിടത്തോളം കാലം വരെയും നിലനിൽക്കുമെന്നതിൽ സംശയമില്ല. ഏതൊരു മലയാളിയുടെയും ആദ്യ വായന വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാ സാഹിത്യകാരന്റെ നമുക്ക് ചിരപരിചിതമായ കാഥാപാത്രങ്ങളാണ്. ലളിത ഭാഷയുടെ തമ്പുരാന്, മലയാള കഥയുടെ 'സുൽത്താന്' മാനന്തവാടി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ പ്രണാമം!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ